'അവിഹിത'ത്തിനും കത്രിക വെച്ച് സെൻസർ ബോർഡ്; 'സീത' എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കി; നടപടി സിനിമയുടെ ഉള്ളടക്കത്തെയും അവതരണത്തെയും ബാധിക്കുമെന്ന് ആശങ്ക

Update: 2025-10-13 10:08 GMT

കൊച്ചി: മലയാള സിനിമയിൽ സെൻസർ ബോർഡിന്റെ കടുത്ത നടപടികൾ തുടരുന്നു. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'അവിഹിതം' എന്ന സിനിമയിലെ നായികയുടെ 'സീത' എന്ന പേര് സെൻസർ ബോർഡ് മാറ്റിയതാണ് ഏറ്റവും പുതിയ വിവാദം. സെൻസർ ബോർഡിന്റെ ഇത്തരം നടപടിയിൽ സിനിമ പ്രവർത്തകർക്കിടയിലും ആരാധകർക്കിടയിലും ഒരേപോലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി സിനിമയുടെ ഉള്ളടക്കത്തെയും അവതരണത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

ഒക്ടോബർ 10-ന് തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് 'അവിഹിതം. നേരത്തെ സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ' എന്ന ചിത്രത്തിൽ നായികയുടെ പേര് 'ജാനകി' എന്നാക്കിയതിലും സെൻസർ ബോർഡ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'സീത' എന്ന പേരും സെൻസർ ബോർഡിനെ അസ്വസ്ഥമാക്കുന്നത്. സിനിമകളിലെ പേരുകളിലും സംഭാഷണങ്ങളിലും സെൻസർ ബോർഡ് നടത്തുന്ന ഇത്തരം ഇടപെടലുകൾ കലാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി പലരും വിമർശിക്കുന്നു.

'അവിഹിത'ത്തിന് പുറമെ സമീപകാലത്ത് റിലീസ് ചെയ്ത മറ്റ് ചില സിനിമകളും സെൻസർ ബോർഡിന്റെ കടുത്ത പരിശോധനകൾക്ക് വിധേയമായിട്ടുണ്ട്. ഷെയ്ൻ നിഗം നായകനായ 'ഹാൽ', ഇന്ദ്രൻസ് നായകനായ 'പ്രൈവറ്റ്' എന്നീ ചിത്രങ്ങൾക്കും സെൻസർ ബോർഡിന്റെ 'കടുംവെട്ട്' ഏൽക്കേണ്ടി വന്നിട്ടുണ്ട്. 'ഹാൽ' എന്ന ചിത്രത്തിൽ നിന്ന് 'ബീഫ് ബിരിയാണി', 'ധ്വജപ്രണാമം', 'രാഖി' തുടങ്ങിയ പ്രയോഗങ്ങൾ നീക്കം ചെയ്യാനും 'രാഖി' കാണിക്കുന്ന രംഗങ്ങൾ ബ്ലർ ചെയ്യാനും സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

ഏകദേശം 15 മാറ്റങ്ങൾ നിർദ്ദേശിച്ച ബോർഡ്, അവ അംഗീകരിച്ചാൽ 'എ' സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ചിരുന്നു. ഇതോടെ ചിത്രത്തിന്റെ റിലീസ് വൈകുകയാണ്. ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന വേഷത്തിലെത്തിയ 'പ്രൈവറ്റ്' എന്ന ചിത്രത്തിൽ തീവ്ര ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് സെൻസർ ബോർഡ് ഇടപെട്ടത്. ഒമ്പത് മാറ്റങ്ങളോടെയാണ് ഈ സിനിമ തിയേറ്ററിലെത്തിയത്.

'പൗരത്വ ബിൽ', 'ബീഹാർ', 'രാമരാജ്യം' തുടങ്ങിയ വാക്കുകളാണ് സിനിമയിൽ നിന്ന് മാറ്റപ്പെട്ടത്. കൂടാതെ, അടുത്തിടെ കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങൾ എൻഡ് കാർഡിൽ ഉൾപ്പെടുത്തിയതും ബോർഡിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഒഴിവാക്കിയത്. സെൻസർ ബോർഡിന്റെ ഇത്തരം നടപടികൾ സിനിമ മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കലാകാരന്മാരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുന്നു എന്ന വിമർശനമാണ് ഉയരുന്നത്. 

Tags:    

Similar News