തിയറ്ററുകൾ ഇളക്കി മറിക്കാൻ 'ചത്താ പച്ച'; ആക്ഷൻ എന്റർടെയ്നർ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; കാമിയോ റോളിൽ മമ്മൂട്ടിയും?
കൊച്ചി: റസ്ലിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ആക്ഷൻ എന്റർടെയിനർ ചിത്രം ‘ചത്താ പച്ച’ 2026 ജനുവരി 22 ന് തിയറ്ററുകളിൽ എത്തും. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി കാമിയോ റോളിലെത്തുമെന്നാണ് സൂചനകൾ. മലയാളത്തിൽ ആദ്യമായി ശങ്കർ–എഹ്‌സാൻ–ലോയ് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണൻ ചേർന്നാണ് 'ചത്താ പച്ച' നിർമ്മിക്കുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, പി.വി.ആർ ഐനോക്സ്, ദ് പ്ലോട്ട് പിക്ചേഴ്സ് എന്നിവർക്കൊപ്പം വേഫെറർ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരുൾപ്പെടുന്ന ഒരു വലിയ താരനിര ചിത്രത്തിലുണ്ട്. റിലീസ് പോസ്റ്ററിലെ ചില സൂചനകൾ മമ്മൂട്ടിയുടെ കാമിയോ സാന്നിധ്യം സ്ഥിരീകരിക്കുന്ന തരത്തിലാണുള്ളത്. വിനായക് ശശികുമാറാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം മുജീബ് മജീദും ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനുമാണ്. കലൈ കിങ്സൺ ആക്ഷൻ കൊറിയോഗ്രഫിയും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവഹിക്കുന്നു. സനൂപ് തൈക്കൂടമാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും കണ്ട റസ്ലിങ് റിങ്ങിലെ വർണ്ണാഭമായ ലോകം സിനിമയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ