ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ ചിത്രം 'ചത്ത പച്ച-റിങ് ഓഫ് റൗഡിസ്'; ലോക്കോ ലോബോ ആയി അർജുൻ അശോകൻ; ഫസ്റ്റ് ലുക്ക് പുറത്ത്

Update: 2025-08-24 08:28 GMT

കൊച്ചി: മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ചത്ത പച്ച-റിങ് ഓഫ് റൗഡിസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 'ലോക്കോ ലോബോ' എന്നാണ് അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഡബ്ല്യുഡബ്ല്യുഇ താരങ്ങളെ അനുസ്മരിപ്പിക്കുന്ന സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

ഒരു പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്ഷൻ കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം. ട്രാൻസ് വേൾഡ് ഗ്രൂപ്പിലെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിലെ ഷിഹാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാകുന്നു.

അർജുൻ അശോകനൊപ്പം റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ജീത്തു ജോസഫിന്റെ സഹസംവിധായകനായിരുന്ന അദ്വൈത് നായരുടെ ആദ്യ സംവിധാന സംരംഭമാണിത്. നടൻ മോഹൻലാലിന്റെ അനന്തരവനാണ് അദ്വൈത്. ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർഗ്രൗണ്ട് റെസ്‌ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിനായി പ്രധാന താരങ്ങളെല്ലാം പ്രത്യേക റെസ്‌ലിങ് പരിശീലനം നേടിയിരുന്നു. ആഗോള വിതരണ കമ്പനിയായ 'ദി പ്ലോട്ട് പിക്‌ചേഴ്‌സു'മായി സഹകരിച്ച് 115-ൽ അധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പദ്ധതിയുണ്ട്. 

Tags:    

Similar News