'എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം ഞങ്ങളുടേത്; ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചു'; നയന്‍താരക്കെതിരെ ധനുഷ് കോടതിയില്‍
ചെന്നൈ: 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നു നടന്‍ ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസ് മദ്രാസ് ഹൈക്കോടതിയില്‍. ചിത്രത്തിലെ നായികയായിരുന്ന നടി നയന്‍താര, നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്ന് ധനുഷിന്റെ അഭിഭാഷകന്‍ പി.എസ്. രാമന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍, ധനുഷിന്റെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ നല്‍കിയ ഹര്‍ജികള്‍ തീയതി വ്യക്തമാക്കാതെ വിധി പറയാനായി മാറ്റി. ധനുഷിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ വാദം. 2020ല്‍ തന്നെ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പാര്‍ഥസാരഥി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ നിയമനടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഡോക്യുമെന്ററി പുറത്തിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതിക്കാരന്‍ ഹര്‍ജിയുമായെത്തിയതെന്നും അദ്ദേഹം വാദിച്ചു.
നയന്‍താരയുടെ വിവാഹ വിശേഷങ്ങള്‍ ചേര്‍ത്തൊരുക്കിയ 'ബിയോണ്ട് ദ് ഫെയറി ടെയ്ല്‍' ഡോക്യുമെന്ററിക്കെതിരെയാണു കേസ്. അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.