‘ബൗണ്ടറിയിൽ നിന്ന് ബോക്സ് ഓഫിസിലേക്ക്’; ഡേവിഡ് വാർണർ ഇനി സിനിമ താരം; അരങ്ങേറ്റം കുറിക്കുന്നത് തെലുങ്ക് സൂപ്പർ താരത്തിനൊപ്പം; പോസ്റ്റർ പുറത്ത്
ഹൈദരാബാദ്: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ സിനിമ പ്രവേശനത്തെ പറ്റിയുള്ള ചർച്ചകൾ സജീവമായിട്ട് കുറച്ച് കാലമായി. പുഷ്പ, ബാഹുബലി തുടങ്ങിയ പ്രമുഖ ഇന്ത്യൻ സിനിമകളിലെ രംഗങ്ങൾ വച്ചുള്ള വാര്‍ണറുടെ ഇന്‍സ്റ്റ റീലുകള്‍ വന്‍ ഹിറ്റായിരുന്നു. ഇന്ത്യൻ സിനിമകളുടെ വലിയ ആരാധകനാണ് വാർണർ. ഇന്‍സ്റ്റ റീലുകള്‍ക്ക് വലിയ ഹിറ്റായതോടെ വാർണറെ സിനിമയിൽ കാണാനുള്ള ആകാംഷയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റോബിൻഹുഡ് എന്ന തെലുങ്ക് സിനിമയിൽ താൻ പ്രത്യക്ഷപ്പെടുമെന്ന ആവേശകരമായ വാർത്ത വാർണർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
തെലുങ്ക് താരം നിഥിന്‍ നായകനായി വരാനിരിക്കുന്ന ചിത്രമായ റോബിൻഹുഡിലാണ് താരത്തിന്റെ ഇന്ത്യൻ സിനിമ അരങ്ങേറ്റം. ചിത്രത്തിന്‍റെ നിർമ്മാതാവ് രവിശങ്കർ സംഭവം സ്ഥിരീകരിച്ചു 'ഡേവിഡ് വാർണർ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്, അത് ആവേശകരമാണ്' അദ്ദേഹം അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞു. 2024 സെപ്റ്റംബറിലാണ് ഡേവിഡ് വാര്‍ണറുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. അന്ന് താരത്തിന്‍റെ ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലാൽ, ദയാനന്ദ് റെഡ്ഡി, കൈൽ പോൾ, അലക്‌സ്, വെണ്ണേല കിഷോർ, രാജേന്ദ്ര പ്രസാദ്, കേശവ് ദീപക്, ഡേവിഡ് വാർണർ, ശുഭലേഖ സുധാകർ, സെർക്കൻ ടോക്‌ഗോസ്, നഥാൻ ലൂക്ക്, അലക്‌സാന്ദ്ര ജോൺസ്, വില്ലോ ഹാർപ്പർ, കർമ്മല കരിപ്പിസ്, ഡെക്ലാൻ ഹാരിസൺ, ടിയ ഹിൽസ്-എഡ്ജ്, സിമേന ഡയാസ് തുടങ്ങി വലിയപൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷനും, പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.