തിയേറ്ററിൽ വിലക്ക്, പക്ഷേ ഒടിടിയിൽ തരംഗമായി സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം; പാക്കിസ്ഥാൻ നെറ്റ്‌ഫ്ലിക്സ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമനായി രൺവീർ സിംഗിന്റെ 'ധുരന്ധർ'
ഡൽഹി: നെറ്റ്‌ഫ്ലിക്സ് പാക്കിസ്ഥാനിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'ധുരന്ധർ'. പാക്കിസ്ഥാനിലും ആറ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും സിനിമയ്ക്ക് തിയേറ്റർ റിലീസ് വിലക്കുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഈ ഒടിടി വിജയം ശ്രദ്ധേയമാകുന്നത്. തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ജനുവരി 30-നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്.
പാക് വിരുദ്ധ പരാമർശങ്ങൾ ആരോപിച്ച് ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാനിലും 'ധുരന്ധറി'ന് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ആഗോളതലത്തിൽ 1200 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി ചിത്രം തിയേറ്ററുകളിൽ തരംഗമായി. പാകിസ്ഥാനിൽ ധനുഷ് നായകനായ 'തേരെ ഇഷ്ഖ് മേം' എന്ന ബോളിവുഡ് ചിത്രത്തെ മറികടന്നാണ് രൺവീർ സിംഗ് ചിത്രം ഒന്നാം സ്ഥാനത്തെത്തിയത്. നേരത്തെ 'ഫൈറ്റർ', 'സ്കൈ ഫോഴ്സ്', 'ദ് ഡിപ്ലോമാറ്റ്', 'ആർട്ടിക്കിൾ 370', 'കശ്മീർ ഫയൽസ്' തുടങ്ങിയ ചിത്രങ്ങൾക്കും സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗൾഫിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ സ്ട്രീമിംഗ് അവകാശം നെറ്റ്‌ഫ്ലിക്സ് ഏകദേശം 130 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒടിടി കരാറാണിത്. അതേസമയം, അല്ലു അർജുന്റെ 'പുഷ്പ 2: ദ റൂൾ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ 275 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ചാരസംഘടനയായ 'റോ'യുടെ പാക്കിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് 'ധുരന്ധർ' ഒരുക്കിയിരിക്കുന്നത്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സാറാ അർജുനാണ് നായിക. ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം ഈ വർഷം മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
