'ബേസില്‍ ഇത് വല്ലതും അറിയുന്നുണ്ടോ?'; ഉദ്ഘാടനത്തിനിടെ എയറില്‍ കയറി ധ്യാന്‍ ശ്രീനിവാസന്‍; ട്രോളി സോഷ്യല്‍ മീഡിയ
ഹസ്തദാനം നടത്താന്‍ കൈ നീട്ടി അമളിപ്പറ്റിയ താരങ്ങള്‍ക്ക് ഇനി വിശ്രമിക്കാം. ഇക്കൂട്ടത്തിലേക്ക് പുതിയ എന്‍ട്രിയായി എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു താരം. താരം മുറിക്കേണ്ട നാടയുടെ അടുത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കാനുള്ള സൗകര്യത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ നാടയുടെ അടിയില്‍ കൂടി കുനിഞ്ഞ് അകത്തേക്ക് കയറി. ഇവരുടെ പിന്നാലെയെത്തിയ ധ്യാനും താന്‍ മുറിക്കേണ്ട നാടയുടെ തന്നെ അടിയിലൂടെ പോകാനൊരുങ്ങുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ആള്‍ ധ്യാനിനെ പിടിച്ചുനിര്‍ത്തി, താരം മുറിക്കേണ്ട നാടയാണ് ഇതെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു. അമളി മനസിലായ ധ്യാന്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ധ്യാനിന്റെ പ്രവര്‍ത്തി കണ്ട് ചുറ്റും നിന്നവരൊക്കെ ചിരിച്ചു. വീഡിയോ വൈറലായതോടെ ധ്യാന്‍ എയറിലായി. 'ബേസില്‍ ഇത് വല്ലതും അറിയുന്നുണ്ടോ?' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ഹിറ്റായ ട്രോളായിരുന്നു താരങ്ങള്‍ ഹസ്തദാനം നടത്താന്‍ കൈനീട്ടുന്ന സമയത്ത് പറ്റുന്ന അമളികള്‍. മുന്‍പ് ഒരു സിനിമയുടെ പൂജാ ചടങ്ങിനിടെ പൂജാരി ആരതി നല്‍കിയപ്പോള്‍ തൊഴാന്‍ ടൊവിനോ കൈ നീട്ടിയപ്പോള്‍ നടനെ കാണാതെ പൂജാരി പോയത് ബേസില്‍ ട്രോളിയിരുന്നു. ഇതായിരുന്നു ഈ ട്രോള്‍ പരമ്പരയുടെ തുടക്കം.
പിന്നീട് സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ ബേസില്‍ ജോസഫ് ടീമിലെ ഒരു താരത്തിന് കൈ നീട്ടിയപ്പോള്‍ അതുകാണാതെ താരം പൃഥ്വിരാജിന് കൈ കൊടുത്തു. ചമ്മിയ ബേസില്‍ ആരും കാണാതെ തന്റെ കൈ താഴ്ത്തി. ഈ വീഡിയോ പുറത്തുവന്നതോടെ ടൊവിനോ ട്രോളുമായെത്തി. നീ പക പോക്കുകയാണെല്ലേടാ എന്നായിരുന്നു ടൊവിനോയ്ക്ക് ബേസിലിന്റെ മറുപടി. പിന്നീട് ഹസ്തദാനം നടത്താന്‍ കൈ നീട്ടി അമളി പറ്റിയ പല താരങ്ങളുടെയും ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.