ക്യൂട്ടായി മമിത; മുഴുവൻ കോമഡി ആക്ഷൻ പാക്ക്; പ്രദീപ് രംഗനാഥൻ ചിത്രം 'ഡ്യൂഡ്' ട്രെയിലർ പുറത്ത്; റിലീസ് തീയതി അറിയാം
പ്രശസ്ത തമിഴ് യുവതാരം പ്രദീപ് രംഗനാഥനും മലയാളത്തിന്റെ പ്രിയനടി മമിത ബൈജുവും ഒന്നിക്കുന്ന 'ഡ്യൂഡ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദീപാവലി റിലീസായി ഒക്ടോബർ 17ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
'ഡ്രാഗൺ' എന്ന ചിത്രത്തിനു ശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ഡ്യൂഡ്' ഒരു സമ്പൂർണ്ണ യുവജന ചിത്രമായിരിക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. റൊമാൻസ്, ആക്ഷൻ, കോമഡി, ഇമോഷൻ എന്നിവയെല്ലാം ചേർന്നൊരു 'ടോട്ടൽ യൂത്ത് കാർണിവൽ' എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. രണ്ട് മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ഏറെ ആകാംഷ ജനിപ്പിക്കുന്ന രംഗങ്ങളോടെയാണ് എത്തുന്നത്.
മമിത ബൈജുവിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്'. രസകരമായ വേഷത്തിൽ നടൻ ശരത് കുമാറും ചിത്രത്തിൽ എത്തുന്നുണ്ട്. സംഗീത സംവിധായകൻ സായ് അഭ്യങ്കർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ട്രെയിലറും പ്രേക്ഷക പ്രീതി നേടുന്നതോടെ പ്രദീപ് രംഗനാഥന്റെ 'മാജിക്' ഈ ചിത്രത്തിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.