നടിക്ക് ചുറ്റും ഇച്ചപൊതിയുന്ന പോലെ പയ്യന്മാർ; ശരീരത്തിൽ സ്പർശിച്ചും ധരിച്ചിരുന്ന ഡ്രസ്സ് അടക്കം വലിച്ചൂരാൻ ശ്രമിച്ച് കൂട്ടം; ആരാധകരുടെ അതിരുവിട്ട പ്രവർത്തിയിൽ താരത്തിന് അസ്വസ്ഥത

Update: 2025-12-18 17:04 GMT

ഹൈദരാബാദ്: നടൻ പ്രഭാസ് നായകനാകുന്ന 'ദി രാജാസാബ്' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ നടി നിധി അഗർവാളിന് നേരെ ആരാധകരുടെ അതിക്രമം. ഹൈദരാബാദിൽ നടന്ന ചടങ്ങിന് ശേഷം തിരികെ പോകുന്നതിനിടെയാണ് നടി ആരാധകരുടെ തിരക്കിൽപ്പെട്ടത്. നടിയെ സ്പർശിക്കാനും വസ്ത്രം പിടിച്ചുവലിക്കാനുമുള്ള ശ്രമങ്ങൾ നടന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ കുകട്ട്പള്ളി ഹൗസിങ് ബോർഡ് പോലീസ് കേസെടുത്തിട്ടുണ്ട്.

ചടങ്ങിന് ശേഷം പുറത്തിറങ്ങിയ നിധി അഗർവാളിന്റെ അരികിലേക്ക് ആരാധകർ കൂട്ടത്തോടെ ഇരച്ചെത്തുകയായിരുന്നു. നടിയോടൊപ്പം നിന്ന് ചിത്രമെടുക്കാൻ വേണ്ടിയാണ് ആരാധകർ തിക്കിലും തിരക്കിലും കൂട്ടംകൂടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല് ഭാഗത്തുനിന്നും ആളുകൾ വളഞ്ഞതോടെ നടി ആരാധകർക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.

സുരക്ഷാ ജീവനക്കാരെപ്പോലും വകവെക്കാതെ ജനക്കൂട്ടം മുന്നോട്ട് വന്നതിനാൽ നടിയുടെ വാഹനം ലക്ഷ്യമാക്കി എത്താനും അതിൽ കയറാനും അവർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. ഈ സമയത്തെ നടിയുടെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. നടിമാരും സാധാരണ മനുഷ്യരാണെന്നും അവർക്ക് സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. പരിപാടിയുടെ സംഘാടനത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായും വിമർശനങ്ങളുണ്ട്. പരിപാടിക്ക് പോലീസ് അനുമതി വാങ്ങിയിരുന്നില്ലെന്നും ഇത് സുരക്ഷയെ ബാധിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കുകട്ട്പള്ളി ഹൗസിങ് ബോർഡ് പോലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പ്രഭാസ് നായകനാകുന്ന 'ദ രാജാസാബ്' എന്ന ചിത്രം 'കൽക്കി 2898 എ.ഡി'ക്ക് ശേഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങുന്ന ഒന്നാണ്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags:    

Similar News