72 കോടിയുടെ സ്വത്ത് നടൻ സഞ്ജയ് ദത്തിന് എഴുതിവെച്ച് ആരാധിക; ബോളിവുഡ് താരത്തെ ഞെട്ടിച്ച് മുംബൈ സ്വദേശി നിഷാ പാട്ടീല്‍; സ്വത്തിന്റെ അവകാശം സ്വീകരിക്കില്ലെന്ന് സഞ്ജയ് ദത്ത്
മുംബൈ: ബോളിവുഡിൽ വലിയൊരു ആരാധകവൃന്ദമുള്ള താരമാണ് സഞ്ജയ് ദത്ത്. തന്റെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന്റെ സിനിമകള്‍ പോലെ തന്നെ ജീവിതവും പലപ്പോഴും വാര്‍ത്തകളിലിടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിനായി ആരാധികയായ നിഷാപാട്ടീല്‍ 72 കോടിയുടെ സ്വത്ത് എഴുതിവെച്ചിരിക്കുന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മുംബൈ സ്വദേശിയായ 62കാരി വീട്ടമ്മയാണ് നിഷാപാട്ടീല്‍.
ഇങ്ങനെയും ഒരു ആരാധനയോ എന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍. 2018-ലാണ് മുംബൈക്കാരിയായ നിഷ പാട്ടീൽ മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചത്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടുണ്ടായില്ല.
തന്റെ ആരാധികയുടെ ഇത്തരം പ്രവൃത്തിയില്‍ ഞെട്ടലാണ് സഞ്ജയ് ദത്തിനുണ്ടായത്. നിഷയുടെ മരണശേഷം വില്‍പ്പത്രത്തെക്കുറിച്ച് പോലീസാണ് താരത്തെ അറിയിച്ചത്. നിഷ അവസാനകാലത്ത് മാരകമായ രോഗത്തോട് പോരാടിയാണ് ലോകത്തോട് വിട പറഞ്ഞത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു.
എന്നാൽ സ്വത്തിന്റെ അവകാശം സ്വീകരിക്കില്ലെന്നാണ് സഞ്ജയ് ദത്ത് വ്യക്തമാക്കിയിരിക്കുന്നത്.
നിഷ പാട്ടീലിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സഞ്ജയ് ദത്തിന്റെ അഭിഭാഷകനും ഈ കാര്യം വ്യക്തമാക്കി.
72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശ്യമില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നുമാണ് അഭിഭാഷകന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 'ഞാന്‍ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, മുഴുവന്‍ സംഭവവും എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു' എന്നും അദ്ദേഹം പറഞ്ഞു.