സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി; വരന്‍ ഡെപ്യൂട്ടി കലക്ടര്‍ ഹര്‍ഷിത്ത് സൈനി

സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി

Update: 2025-07-06 13:19 GMT

കൊച്ചി: സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത്ത് സൈനിയാണ് വരന്‍. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഡല്‍ഹിയിലായിരുന്നു വിവാഹ റജിസ്‌ട്രേഷന്‍ നടന്നത്.

വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് വിവാഹവിവരം ഐഷ സുല്‍ത്താന തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ ഉമ്മ ഉടന്‍ ഉംറക്ക് പോകാനിരിക്കുകയാണെന്നും തിരിച്ചെത്തിയ ശേഷം എല്ലാവരെയും അറിയിച്ചുകൊണ്ടുള്ള കല്യാണം നടത്തുമെന്നുമാണ് വാട്‌സാപ്പ് വഴി പങ്കുവെച്ച വോയ്‌സ് ക്ലിപ്പില്‍ ഐഷ പറയുന്നത്.

ചെത്ത്‌ലാത്തില്‍നിന്നുള്ള ആദ്യ സിനിമാ സംവിധായികയായ ഐഷ സുല്‍ത്താന കേന്ദ്രസര്‍ക്കാറിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട്. ലക്ഷദ്വീപിലെ 'മഹല്‍ ഭാഷ' പഠനം അവസാനിപ്പിക്കാനുളള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

ഭാഷയെന്നാല്‍ ഒരു നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരുകൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നതെന്നുമാണ് ഐഷ സുല്‍ത്താന പറഞ്ഞത്. ബി.ജെ.പി സര്‍ക്കാറിന് അക്ഷരങ്ങള്‍ അലര്‍ജിയാണോ എന്ന് ചോദിച്ച ഐഷ ഒരു നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അവര്‍ കുറ്റപ്പെടുത്തി. ഫ്‌ലഷ് ആണ് ഐഷ സുല്‍ത്താനയുടെ ആദ്യ സിനിമ. ഇത് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു.

Tags:    

Similar News