'ലോക'യുടെ വ്യാജ പതിപ്പ് ചോർന്നു; ട്രെയിനിലിരുന്ന് ചിത്രം കാണുന്ന യാത്രക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: ബോക്സ്ഓഫിസിൽ റെക്കോർഡുകൾ തീർത്ത് മുന്നേറുന്ന 'ലോക- ചാപ്റ്റർ1- ചന്ദ്ര'യ്ക്ക് റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേക്കും വ്യാജ പതിപ്പ് പുറത്തിറങ്ങിയതായി റിപ്പോർട്ടുകൾ. ഗുണമേന്മയുള്ള വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കാണുന്ന ഒരാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ബംഗളൂരു-മുർദ്ദേശർ എക്സ്പ്രസിലെ യാത്രക്കാരനാണ് ചിത്രം കണ്ടത്. ഈ സംഭവം സിനിമയുടെ അണിയറ പ്രവർത്തകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
ഏഴ് ദിവസത്തിനുള്ളിൽ 101 കോടി രൂപയുടെ കളക്ഷൻ നേടിയ 'ലോക' ചിത്രം കേരളത്തിനകത്തും പുറത്തും മികച്ച സ്വീകാര്യതയാണ് നേടുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെഫെയർ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ റോളിലെത്തുന്ന കല്യാണി പ്രിയദർശനും നസ്‌ലിനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനുമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
പാൻ ഇന്ത്യൻ തലത്തിൽ ചിത്രം വൻ വിജയമായി മുന്നേറുന്നതിനിടയിലാണ് വ്യാജ പതിപ്പ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി പതിപ്പ് സെപ്റ്റംബർ 4ന് റിലീസ് ചെയ്യും.