ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം പിടിച്ച് നാല് മലയാള സിനിമകൾ; ചിത്രങ്ങൾ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും; തമിഴില്‍ നിന്ന് ജിഗർതണ്ട ഡബിൾ എക്‌സും
അന്‍പത്തി അഞ്ചാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സ്ഥാനംപിടിച്ച് നാല് മലയാള ചിത്രങ്ങൾ. ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് മലയാള സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 20 മതല്‍ 28വരെയാണ് ഫിലി ഫെസ്റ്റിവല്‍ നടക്കുക. അഞ്ച് മുഖ്യധാരാ സിനിമകൾ ഉൾപ്പെടെ മൊത്തം 25 ഫീച്ചർ സിനിമകളും, 20 നോൺ ഫീച്ചർ സിനിമകളും ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം, പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം, ആലിഫ് അലി ചിത്രം ലെവല്‍ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് പനോരമയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഫീച്ചർ ഫിലിമിലാണ് ഭ്രമയുഗവും ആടുജീവിതവും ഇടംപിടിച്ചത്.
അതേസമയം, തമിഴില്‍ നിന്നും ജിഗർതണ്ട ഡബിൾ എക്‌സും തെലുങ്കില്‍ നിന്നും ചിന്ന കഥ കാടു, കൽക്കി 2898 എഡി എന്നീ സിനിമകളും പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത് എന്നീ ഹിന്ദി സിനിമകളും പട്ടികയിലുണ്ട്.
ചലച്ചിത്രസംവിധായകനും നടനുമായ ഡോ.ചന്ദ്രപ്രകാശ് ദ്വിവേദിയുടെ നേതൃത്വത്തിലുള്ള ഫീച്ചർ ഫിലിമിനായുള്ള 12 അംഗ ജൂറിയിൽ പ്രശസ്ത നടൻ മനോജ് ജോഷിയും ഉൾപ്പെടുന്നു. നോൺ ഫീച്ചർ ഫിലിം വിഭാഗം ജൂറിയിൽ ആറ് അംഗങ്ങലാണുള്ളത്. പ്രശസ്ത ഡോക്യുമെൻ്ററിയും വന്യജീവി ചലച്ചിത്ര സംവിധായകനുമായ സുബ്ബയ്യ നല്ലമുത്തു ആണ് ജൂറി ചെയർമാൻ.