ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് അര്‍ബുദം; അസ്ഥി മജ്ജയില്‍ അര്‍ബുദം സ്ഥിരീകരിച്ചതോടെ ജയിലില്‍ ചികിത്സ തുടങ്ങി

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് അര്‍ബുദം

Update: 2024-10-22 08:27 GMT

വാഷിങ്ടണ്‍: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് അര്‍ബുദമെന്ന് റിപ്പോര്‍ട്ട്. അസ്ഥി മജ്ജയില്‍ വെയിന്‍സ്റ്റീന് അര്‍ബുദം സ്ഥിരീകരിച്ചുവെന്നാണ് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതനായതിനെ തുടര്‍ന്ന് വെയ്ന്‍സ്റ്റീന്‍ ജയിലില്‍ ചികിത്സയിലാണെന്നും എന്‍.ബി.സി ന്യൂസ് പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലാത്സംഗ കേസില്‍ ശിക്ഷയില്‍ കഴിയുകയാണ് ഹാര്‍വി വെസ്റ്റെയിന്‍.

അതേസമയം, ഹാര്‍വിയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹത്തിന്റെ വക്താക്കള്‍ തയാറായിട്ടില്ല. ഹാര്‍വിയുടെ സ്വകാര്യതമാനിക്കണമെന്ന അഭ്യര്‍ഥനയാണ് ഹാര്‍വിയുടെ വക്താക്കള്‍ നടത്തിയത്. ഹാര്‍വി വെയ്ന്‍സ്റ്റീന് ഇതിന് മുമ്പും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. സെപ്റ്റംബറില്‍ അദ്ദേഹം ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കോവിഡ് ബാധിതനായതിനെ തുടര്‍ന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2020 ഫെബ്രുവരിയില്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെ ബലാത്സംഗ കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക് സുപ്രീംകോടതി ശിക്ഷാവിധി റദ്ദാക്കുകയും ചെയ്തു. 2022 ല്‍ ലോസ് ഏഞ്ചല്‍സില്‍ മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ 72 കാരനായ വെയ്ന്‍സ്റ്റൈന്‍ ജയിലില്‍ തുടരുകയായിരുന്നു.

2017 ല്‍ ആണ് വെയ്ന്‍സ്റ്റെയ്‌നെതിരെ സ്ത്രീകള്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ലോകവ്യാപകമായി മീടു കാമ്പയിനിന് തുടക്കം കുറിക്കുന്നതിന് ഈ സംഭവം കാരണമായി.

Tags:    

Similar News