ത്രില്ലടിപ്പിക്കാൻ 'ഐ ആം കാതലൻ'; പ്രതീക്ഷ നൽകി ഗിരീഷ് എ ഡി ചിത്രത്തിന്റെ ട്രെയ്‌ലർ; ഹാക്കറായി നസ്‌ലെൻ ?
മോളിവുഡിൽ അടുത്തിടെ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഗിരീഷ് എ ഡി- നസ്‌ലെൻ ടീം ഒന്നിക്കുന്ന ചിത്രം 'ഐ ആം കാതലന്റെ' പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വന്നിരിക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമാകും 'ഐ ആം കാതലൻ' എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. പ്രശസ്ത നടനായ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം നവംബർ 7 ന് തീയേറ്ററുകളിലെത്തും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.
അനിഷ്‌മ നായികാ വേഷം അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്.