30ാമത് കേരള രാജ്യന്തര ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് തുടക്കം; സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു; സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കെല്ലി മാര്‍ഷലിന് സമ്മാനിച്ചു
30ാമത് കേരള രാജ്യന്തര ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി ഒരാഴ്ച്ച നീളുന്ന സിനിമാ മാമാങ്കം. 30ാമത് കേരള രാജ്യന്തര ചലച്ചിത്രമേള(ഐഎഫ്എഫ്കെ)യ്ക്ക് തലസ്ഥാനത്ത് തുടക്കമായി. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. ചിലിയന്‍ സംവിധായകനായ പാബ്ലോ ലാറെയ്ന്‍ മുഖ്യാതിഥിയായി. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കനേഡിയന്‍ സംവിധായിക കെല്ലി മാര്‍ഷലിന് മന്ത്രി സജി ചെറിയാന്‍ സമ്മാനിച്ചു.
ചടങ്ങില്‍ പലസ്തീന്‍ അംബാസഡര്‍ അബ്ദുള്ള അബു ഷാവേഷ്, ചീഫ് സെക്രട്ടറി എ ജയതിലക്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സാംസ്‌കാരികപ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ മധു, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ സോഹന്‍ സീനുലാല്‍ എന്നിവരും സിനിമ - സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
26 വിവിധ വിഭാഗങ്ങളിലായി എഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള 206 ചിത്രങ്ങള്‍ ഒരാഴ്ച നീളുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.
ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36 ആണ് ഉദ്ഘാടനചിത്രം. ഈ വര്‍ഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ ചിത്രമാണിത്. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘര്‍ഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പലസ്തീന്‍ കലാപം ആരംഭിച്ച വര്‍ഷമാണ് ചിത്രത്തിന്റെ പേരില്‍ സൂചിപ്പിക്കുന്നത്.