പൊങ്കലിന് ശിവകാർത്തികേയനും ഇളയ ദളപതിയും നേർക്കുനേർ; ജന നായകൻ- പരാശക്തി ക്ലാഷ് മുറുകുന്നു; പോസ്റ്ററുകൾ കീറിയെറിഞ്ഞ് വിജയ് ആരാധകർ; വൈറലായി വീഡിയോ
മധുര: ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'യുടെ പോസ്റ്ററുകൾ തമിഴ് സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ (തമിഴക വെട്രി കഴകം) അനുയായികൾ കീറിയെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. വിജയ്‌യുടെ പുതിയ ചിത്രമായ 'ജന നായകൻ' സിനിമയുടെ ഓഡിയോ ലോഞ്ച് നടന്ന മധുരയിലെ റിറ്റ്സി സിനിമാസിന് പുറത്തുവെച്ചാണ് സംഭവം. പൊങ്കൽ റിലീസുകളായി ഇരു ചിത്രങ്ങളും ഒരേ ദിവസം എത്താനിരിക്കെ, ആരാധകർ തമ്മിൽ സമൂഹ മാധ്യമങ്ങളിൽ വലിയ പോര് നടക്കുന്നതിനിടെയാണ് ഈ പ്രകോപനം.
പുറത്തുവന്ന വീഡിയോയിൽ, ടിവികെ അനുയായികൾ 'പരാശക്തി'യുടെ പോസ്റ്ററുകൾ വലിച്ചുകീറുമ്പോൾ, സമീപത്തുണ്ടായിരുന്ന മറ്റുള്ളവർ ആഹ്ളാദിക്കുന്നതും കാണാം. വിജയ് ചിത്രം 'ജന നായകൻ', ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' എന്നിവ ഒരേ സമയം റിലീസ് ചെയ്യുന്നത് ബോക്സ് ഓഫീസിൽ ആര് വിജയം നേടുമെന്ന ആകാംഷയ്ക്ക് വഴിമാറിയിരിക്കുകയാണ്.
കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം 'ജന നായകൻ' എത്തുന്നത്. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ചിത്രം നിർമ്മിക്കുമ്പോൾ, ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമ്മാതാക്കൾ.
സുധാ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി'യിൽ ശിവകാർത്തികേയൻ നായകനായി എത്തുന്നു. രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1965ലെ തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണിതെന്നാണ് വിവരം. ചിത്രത്തിൽ രവി മോഹനാണ് വില്ലൻ വേഷത്തിലെത്തുന്നത്. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. നേരത്തെ സൂര്യയും ദുൽഖർ സൽമാനും പ്രധാന വേഷങ്ങളിൽ പ്രഖ്യാപിച്ചിരുന്ന 'പുറനാനൂർ' എന്ന ചിത്രമാണ് പിന്നീട് 'എസ്കെ 25' ആയും ഇപ്പോൾ 'പരാശക്തി'യായും മാറിയതെന്നാണ് സൂചന. ബേസിൽ ജോസഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
