മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ 'കാന്ത' ട്രെയ്‌ലർ; ചിത്രം നവംബർ 14 ന് തിയറ്ററുകളിൽ എത്തും; വമ്പൻ ആവേശത്തിൽ ഡിക്യു ഫാൻസ്‌

Update: 2025-11-10 08:13 GMT

ദുൽഖർ സൽമാൻ നായകനാകുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം. യൂട്യൂബിൽ ഇതിനോടകം 12 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ നേടിയത്. ചിത്രം നവംബർ 14ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും.

സെൽവമണി സെൽവരാജ് രചിച്ച് സംവിധാനം ചെയ്ത 'കാന്ത' നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ്. ട്രെയിലറിൽ ദുൽഖർ സൽമാന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇത് ദുൽഖർ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കുമെന്ന സൂചന നൽകുന്നു. സഹതാരങ്ങളായ സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവർ ട്രെയിലർ ലോഞ്ചിൽ ദുൽഖറിന്റെ പ്രകടനത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായി.

ചിത്രത്തിന്റെ തെലുങ്ക് ട്രെയിലർ 7 മില്യണും തമിഴ് ട്രെയിലർ 5 മില്യൺ കാഴ്ചക്കാരെയും ഇതിനോടകം നേടി. 1950കളിലെ മദ്രാസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, 'നടിപ്പ് ചക്രവർത്തി' ടി കെ മഹാദേവൻ എന്ന നടനായാണ് ദുൽഖർ എത്തുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസറായി റാണ ദഗ്ഗുബതിയും വേഷമിടുന്നു. കുമാരി എന്ന് പേരുള്ള നായികാ കഥാപാത്രത്തെ ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്നു.

ദുൽഖർ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നതെന്നാണ് സൂചന.

Tags:    

Similar News