ആ സിനിമയില്‍ മോശം ഭാഗങ്ങള്‍ ഉണ്ടായേക്കാം; ഒരുപാട് പേരുടെ പരിശ്രമം വേണ്ടിവന്ന ചിത്രമായിരുന്നു അത്; പല മോശം സിനിമകളേക്കാളും കങ്കുവ വിമര്‍ശിക്കപ്പെടുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി; കങ്കുവയെ കുറിച്ച് ജ്യോതിക

കങ്കുവയെ കുറിച്ച് ജ്യോതിക

Update: 2025-03-11 13:47 GMT

ചെന്നൈ: സൂര്യയെ നായകനാക്കി സിരുത്തെ ശിവ സംവിധാനം ചെയ്ത സിനിമയായിരുന്നു കങ്കുവ. വലിയ ബജറ്റില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ തിയേറ്ററില്‍ വലിയ പരാജയമായി മാറുകയും ചെയ്തു. ഇപ്പോള്‍ സിനിമയ്ക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ തന്നെ വേദനിപ്പിച്ചു എന്ന് പറയുകയാണ് ജ്യോതിക. പുതിയ സീരിസായ ഡബ്ബാ കാര്‍ട്ടലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ജ്യോതികയുടെ പ്രതികരണം.

പല മോശം തെന്നിന്ത്യന്‍ സിനിമകളും മികച്ച പ്രകടനം (ബോക്സ് ഓഫീസില്‍) കാഴ്ചവെക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സൂര്യയുടെ സിനിമകളിലേക്ക് വന്നാല്‍ എപ്പോഴും വിമര്‍ശനങ്ങള്‍ നിഷ്ഠൂരമാകാറുണ്ട്. ആ സിനിമയില്‍ മോശം ഭാഗങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഒരുപാട് പേരുടെ പരിശ്രമം വേണ്ടിവന്ന ചിത്രമായിരുന്നു അത്. പല മോശം സിനിമകളേക്കാളും കങ്കുവ വിമര്‍ശിക്കപ്പെടുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി എന്ന് ജ്യോതിക പറഞ്ഞു.

ഇതിന് മുന്നേയും കങ്കുവയ്ക്ക് നേരെ വന്ന വിമര്‍ശനങ്ങളില്‍ ജ്യോതിക പ്രതികരിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു നടി പ്രതികരിച്ചത്. ചിത്രത്തിനെ എന്തിന് ഇത്രയേറെ വിമര്‍ശിക്കുന്നു എന്നാണ് നടി ചോദിക്കുന്നത്. സിനിമയുടെ അരമണിക്കൂറില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം സിനിമ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് നല്‍കുന്നത് എന്ന് നടി അഭിപ്രായപ്പെട്ടു.

സിനിമയ്‌ക്കെതിരെ മാധ്യമങ്ങളില്‍ നിന്നു വലിയ തോതില്‍ റെഗെറ്റീവ് റിവ്യൂ വരുന്നു. തീര്‍ത്തും ബുദ്ധിശൂന്യമായ സിനിമകള്‍ മുമ്പ് വന്നിട്ടുണ്ട്, എന്നാല്‍ ആ സിനിമകളെയൊന്നും ആരും ഇത്തരത്തില്‍ വിമര്‍ശിച്ചിട്ടില്ല എന്ന് നടി അഭിപ്രായപ്പെട്ടു. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താന്‍ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക അന്ന് കുറിച്ചിരുന്നു.

Tags:    

Similar News