പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ വിരുന്ന്; വരാനിരിക്കുന്നത് ഇടിപൂരമോ?; 'കാട്ടാളൻ' ടീസർ പുറത്ത്

Update: 2026-01-16 15:14 GMT

കൊച്ചി: ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷെരീഫ് മുഹമ്മദ്‌ നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളന്റെ' ആദ്യ ടീസർ പുറത്തിറങ്ങി. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത അമ്പരപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ വാഗ്ദാനം ചെയ്യുന്ന ടീസർ, വിഎഫ്എക്സ് ഉപയോഗിക്കാതെ യഥാർത്ഥ ആനയുമായി ആന്റണി വർഗീസ് ഏറ്റുമുട്ടുന്ന രംഗങ്ങൾ ഉൾപ്പെടുത്തി ശ്രദ്ധേയമായി. മെയ് 14-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

കൊച്ചി വനിതാ-വിനിത തിയറ്ററിൽ വെച്ച് നടന്ന ചടങ്ങിലാണ് ടീസർ ലോഞ്ച് ചെയ്തത്. ടീസറിലെ പ്രധാന ആകർഷണങ്ങളിലൊന്ന്, ആന്റണി വർഗീസ് കാട്ടിൽ ആനയുമായി നടത്തുന്ന പോരാട്ടമാണ്. ഈ രംഗങ്ങൾ അവിശ്വസനീയമായ പൂർണ്ണതയോടെയാണ് ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സ് ഉപയോഗിക്കാതെ, യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ഈ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്ന് ടീസറിൽ നൽകിയിട്ടുള്ള ഡിസ്ക്ലെയിമറിൽ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. 'ഓങ് ബാക്ക്' സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെ നേതൃത്വത്തിലാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

'ഓങ് ബാക്ക്' സീരീസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും 'കാട്ടാളന്റെ' ഭാഗമാണ്. 'കാന്താര', 'മഹാരാജ' എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ഒരുക്കിയ സംഗീതവും ടീസറിന്റെ ഹൈലൈറ്റുകളിൽ ഒന്നായി മാറുന്നുണ്ട്. ആന്റണി വർഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളിൽ ഒന്നായി ഇതിലെ നായക വേഷം മാറുമെന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

Full View

ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപ് തന്നെ മലയാളത്തിലെ പല പ്രീ-റിലീസ് റെക്കോർഡുകളും 'കാട്ടാളൻ' ഭേദിച്ച് കഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്നാണ് ഫാർസ് ഫിലിംസുമായി സഹകരിച്ച് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇത് ചിത്രത്തിന്റെ വലിയ വാണിജ്യ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Tags:    

Similar News