തമിഴ് സിനിമയില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍; 'കുടിസൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായി; 2002 ല്‍ ദേശീയ പുരസ്‌കാരം; മാധ്യമ പ്രവര്‍ത്തിനത്തിലൂടെ കരിയര്‍ തുടങ്ങി, പിന്നീട് സിനിമയില്‍: സംവിധായകന്‍ കുടിസൈ ജയഭാരതി അന്തരിച്ചു

Update: 2024-12-06 10:31 GMT

ചെന്നൈ: 'കുടിസൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനും എഴുത്തുകാരനുമായ ജയഭാരതി (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഒമദുരാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അന്ത്യം.

തമിഴ് സിനിമയില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കിയ സംവിധായകരുടെ തുടക്കക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു ജയഭാരതി. 2002 ല്‍ പുറത്തിറങ്ങിയ നന്‍പ നന്‍പ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം കുടിസൈ പൂര്‍ത്തിയാക്കിയത് ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരുന്നു. മാധ്യമപ്രവര്‍ത്തകനായി കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് സിനിമയിലെത്തുകയായിരുന്നു.

'10,000 രൂപ കൈയില്‍ കിട്ടിയാല്‍ ഒരു ബദല്‍ സിനിമ നിര്‍മിക്കുന്നതിനേക്കുറിച്ചായിരിക്കും അദ്ദേഹം ചിന്തിക്കുക' എന്ന് ജയഭാരതിയുടെ കുടിസൈ എന്ന ചിത്രത്തിന് സൗണ്ട് എഫക്റ്റ് നല്‍കിയ തമിഴ് സിനിമാ ഹാസ്യനടനും മുന്‍ നിയമസഭാംഗവുമായ എസ് വി ശേഖര്‍ പറഞ്ഞു. 'ജീവിതകാലം മുഴുവന്‍ ഇത്തരം സിനിമകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. അന്താരാഷ്ട്ര സിനിമകളും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. ബദല്‍ സിനിമകളുടെ തുടക്കക്കാരനാണ് ജയഭാരതിയെന്ന് നമുക്ക് പറയാം.'- ശേഖര്‍ പിടിഐയോട് പറഞ്ഞു.

2010ല്‍ പുറത്തിറങ്ങിയ 'പുതിരന്‍' എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മികച്ച സിനിമകളൊരുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കുടിസൈ, ഊമൈ ജനങ്ങള്‍, രണ്ടും രണ്ടും അഞ്ച്, ഉച്ചി വെയില്‍, നന്‍പ നന്‍പ, കുരുക്ഷേത്രം, പുതിരന്‍ എന്നീ ചിത്രങ്ങള്‍ അ?ദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ജയഭാരതിയെ സംസ്ഥാന ബഹുമതി നല്‍കി ആദരിക്കണമെന്ന് ശേഖര്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് അഭ്യര്‍ഥിച്ചു.

Tags:    

Similar News