റിലീസായി 16-ാം ദിവസവും ഞെട്ടിക്കുന്ന ബുക്കിംഗ്; ടിക്കറ്റ് വിൽപ്പന ഒരുലക്ഷത്തിന് മുകളിൽ; ബോക്സ്ഓഫീസിൽ കുതിപ്പ് തുടർന്ന് 'ലോക'
കൊച്ചി: റിലീസായി 16-ാം ദിവസവും മികച്ച ടിക്കറ്റ് വിൽപ്പനയാണ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തിയ 'ലോക' എന്ന ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തി തൊണ്ണൂറ്റേഴായിരം ടിക്കറ്റുകളാണ് 'ലോക' വിറ്റഴിച്ചതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. ബുക്ക് മൈ ഷോയിലെ കണക്കുകൾ പ്രകാരം, മറ്റ് പുതിയ റിലീസുകളെയും പിന്തള്ളി ചിത്രം മുന്നേറുകയാണ്.
ഇന്നലെ (സെപ്റ്റംബർ 12) പുറത്തുവന്ന കണക്കുകൾ അനുസരിച്ച്, റിലീസ് ചെയ്ത ആദ്യ ദിനത്തിൽ തന്നെ മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് 'മിറൈ' എന്ന തെലുങ്ക് ചിത്രമാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, 'ലോക' തന്റെ 16-ാം ദിവസത്തിലും ഒരു ലക്ഷത്തി തൊണ്ണൂറ്റേഴായിരം ടിക്കറ്റുകളാണ് വിറ്റുപോയത്.
'ഡെമോൺ സ്ലേയർ' (ഒരു ലക്ഷത്തി എഴുപതിനായിരം ടിക്കറ്റുകൾ), 'ദി കോൺജറിംഗ് ലാസ്റ്റ് റൈറ്റ്സ്' (അൻപത്തി മൂന്നായിരം ടിക്കറ്റുകൾ), 'കിഷ്കിന്ധാപുരി' (നാൽപത്തി ഒൻപതിനായിരം ടിക്കറ്റുകൾ) തുടങ്ങിയ ചിത്രങ്ങളും ആദ്യ ദിനത്തിലെയും പിന്നിട്ട ദിവസങ്ങളിലെയും വിൽപ്പന കണക്കുകളിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാള ചിത്രങ്ങളിൽ 'ലോക'യ്ക്ക് പുറമെ 'ഹൃദയപൂർവ്വം' എന്ന ചിത്രവും ബുക്ക് മൈ ഷോ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. 'ഹൃദയപൂർവ്വം' 16-ാം ദിവസത്തിൽ മുപ്പത്തി രണ്ടായിരം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.