ബോക്സ്ഓഫീസ് തേരോട്ടം തുടർന്ന് കല്യാണി പ്രിയദർശൻ ചിത്രം; ലോകയുടെ സക്സസ് ടീസർ പുറത്ത്

Update: 2025-09-25 15:21 GMT

കൊച്ചി: ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായി അഭിനയിച്ച 'ലോക ചാപ്റ്റർ 1: ചന്ദ്ര' എന്ന ചിത്രം ഇന്ത്യൻ സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 260 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തിൽ കളക്ഷൻ നേടിയത്. ഇതിനോടനുബന്ധിച്ച് അണിയറപ്രവർത്തകർ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഒരു വനിതാ കേന്ദ്രീകൃത ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡാണ് 'ലോക' സ്വന്തമാക്കിയത്.

മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രമെന്ന ഖ്യാതിയോടെ എത്തിയ 'ലോക', കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാമത്തെ ചിത്രമാണിത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ തന്നെ 100 കോടി ക്ലബിൽ ഇടം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ലോക'.

Full View

കല്യാണി പ്രിയദർശനോടൊപ്പം നസ്ലെനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയാണ് ചിത്രത്തിന് പ്രചോദനമായത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലാണ്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവർ കാമിയോ റോളുകളിലും എത്തുന്നുണ്ട്. ചിത്രത്തിന്റെ അടുത്ത ഭാഗം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചാത്തന്മാരുടെ കഥയായിരിക്കും പറയുക. 'ലോക'യുടെ ആദ്യ ഭാഗം ചാത്തന്റെ വരവോടുകൂടിയാണ് അവസാനിക്കുന്നത്.

Tags:    

Similar News