ഇന്ന് ഞാനൊരു ചെറിയ സംവിധായകൻ; നൂറ് വർഷം കഴിഞ്ഞാലും എന്റെ സിനിമകൾ നിലനിൽക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് മാരി സെൽവരാജ്
ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രം, തിരുനൽവേലിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്പോർട്സ് ഡ്രാമ തയ്യാറാക്കിയിരിക്കുന്നത്.
'ബൈസൺ' സിനിമയുടെ വിജയത്തിനിടയിൽ, തന്റെ സിനിമകളെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ച് സംവിധായകൻ മാരി സെൽവരാജ് തുറന്നുപറഞ്ഞു. താൻ ഇന്ന് ഒരു ചെറിയ സംവിധായകനാണെന്നും, എന്നാൽ നൂറ് വർഷങ്ങൾ കഴിഞ്ഞാലും തന്റെ സിനിമകൾ നിലനിൽക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 'ദി ക്യൂ സ്റ്റുഡിയോ'ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"ഇന്ന് ഞാനൊരു ചെറിയ സംവിധായകനാണ്. സമൂഹത്തോട് സംവദിക്കുന്ന സിനിമകൾ ചെയ്യുന്നവരെ ചെറിയ സംവിധായകരായിട്ടാണ് പലരും കാണുന്നത്. എന്നാൽ എൻ്റെ അവസാന നാളുകളിൽ, ഞാൻ എന്താണ് ചെയ്തതെന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് അഭിമാനം തോന്നും. വാണിജ്യ സിനിമകളെ മാറ്റിനിർത്തി ആളുകൾ പുതിയ സിനിമകൾ ചെയ്യാൻ വരും. അപ്പോൾ എൻ്റെ സിനിമകൾ ഒരു ലൈബ്രറിയിൽ എന്നപോലെ അവിടെ നിലനിൽക്കും. ഈ സമൂഹത്തിന് ഞാൻ എന്ത് സംഭാവന നൽകി എന്നതിൻ്റെ ഉത്തരം സിനിമയുടെ അവസാനം ലഭിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ. എൻ്റെ സിനിമകൾ നൂറ് വർഷം കഴിഞ്ഞാലും ഇവിടെ നിലനിൽക്കണം," മാരി സെൽവരാജ് പറഞ്ഞു.