'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ കോമ്പോ വീണ്ടും; ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നർ ലേബലിൽ 'മാജിക് മഷ്റൂംസ്'; ചിത്രത്തിന്റെ രസകരമായ ടീസർ പുറത്ത്
കൊച്ചി: നാദിർഷയും, വിഷ്ണു ഉണ്ണികൃഷ്ണനും 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വീണ്ടും ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്' എന്ന ചിത്രത്തിന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഒരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് വിതരണം.
നാദിർഷ തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺകുട്ടിയാണ് എഡിറ്റർ. ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജനാദിര്‍ഷ തുടങ്ങിയ പ്രമുഖ ഗായകർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ത്രീഡി ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
മണികണ്ഠൻ അയ്യപ്പയാണ് പശ്ചാത്തല സംഗീതം. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ എന്നിവരാണ് ഗാനരചയിതാക്കൾ. എം. ബാവാ, ഷിജി പട്ടണം എന്നിവർ പ്രൊഡക്ഷൻ ഡിസൈനർമാരായും പ്രവർത്തിച്ചിട്ടുണ്ട്.