ചൈനയിൽ തരംഗമായി വിജയ സേതുപതി ചിത്രം; 'മഹാരാജ' യ്ക്ക് മുന്നിൽ രജനികാന്ത് ചിത്രവും വീണു; ഇനി മുന്നിൽ ബാഹുബലി; നാല് ദിവസത്തിൽ ചിത്രം നേടിയതെത്ര ?

Update: 2024-12-04 06:38 GMT

ചെന്നൈ: ഈ വർഷം കോളിവുഡിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'മഹാരാജ'. 'മക്കൾ സെൽവൻ' വിജയ സേതുപതി പ്രാധാന വേഷത്തിലെത്തിയ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനത്തോടൊപ്പം പ്രേക്ഷക നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. മികച്ച വിജയത്തിന് പിന്നാലെ ചിത്രം ചൈനയിൽ റിലീസ് ചെയ്തിരുന്നു. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ചിത്രം ചൈനയിൽ റിലീസ് ചെയ്തത്. ആദ്യ ദിവസങ്ങളിൽ തന്നെ മികച്ച മികച്ച കളക്ഷൻ നേട്ടവുമായി മുന്നേറുകയാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ചൈന ബോക്‌സ് ഓഫീസിൽ 29.50 കോടി നേടി കഴിഞ്ഞു. ഇതോടെ ചിത്രത്തില്‍ ആഗോള ബോക്സോഫീസ് കളക്ഷന്‍ 138.63 കോടിയായി. നാലാം ദിവസമായ തിങ്കളാഴ്ച 'മഹാരാജ' ചൈനയിൽ ചിത്രം 3 കോടിയോളം നേടി. ഞായറാഴ്ചത്തെ 7.2 കോടിയിൽ നിന്ന് ഏകദേശം 58% വൻ ഇടിവുണ്ടായെങ്കിലും ഹോളിവുഡ് റിലീസുകളുമായി മത്സരിക്കുന്ന ചിത്രത്തിന് ഇത് നേട്ടം തന്നെയാണ്.

ചൈനയിൽ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ഇതിനകം മഹാരാജ മാറിയിട്ടുണ്ട്. രജനികാന്തിന്‍റെ 2.0യുടെ കളക്ഷനായ 22 കോടിയാണ് മഹാരാജ മറികടന്നത്. നിലവിൽ നാല് ദിവസം കൊണ്ട് 29.50 കോടിയാണ് മഹാരാജ നേടിയത്.

2018-ൽ ചൈന ബോക്‌സ് ഓഫീസിൽ 80.56 കോടി നേടിയ ബാഹുബലി 2 ആണ് ചൈനയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്താമത്തെ ഇന്ത്യൻ ചിത്രം. പ്രഭാസ് ചിത്രത്തെ മറികടക്കാൻ നിലവിൽ മഹാരാജയ്ക്ക് ബോക്‌സ് ഓഫീസിൽ വേണ്ടത് 51.5 കോടിയാണ്. അതായത് ഈ ആഴ്ച ഈ തുക നേടിയാല്‍ ചൈനീസ് ബോക്സോഫീസിലെ ടോപ്പ് 10 ഇന്ത്യന്‍ ചിത്രങ്ങളില്‍ മഹാരാജ ഇടം പിടിക്കും.

വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രമാണ് മഹാരാജ. അനുരാഗ് കശ്യപ് ആണ് ചിത്രത്തിലെ വില്ലന്‍. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്.

അലിബാബ ഗ്രൂപ്പ് ആണ് ചിത്രം ചൈനയില്‍ എത്തിക്കുന്നത്. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേരാണ് ചിത്രത്തിനും. രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന്‍ സ്വാമിനാഥന്‍ കഥ പറയുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‍മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Tags:    

Similar News