കൊടും വനത്തില്‍ സാഹസിക രംഗങ്ങള്‍; ഒഡീഷയില്‍ വമ്പന്‍ സെറ്റ്; ഹില്‍ടോപ്പിലേക്ക് പുറപ്പെട്ട് പൃഥ്വിരാജും മഹേഷ് ബാബുവും
എസ് എസ് രാജമൗലി ചിത്രത്തില്‍ ജോയിന്‍ ചെയ്ത് പൃഥ്വിരാജ്. ഒഡീഷ ഷെഡ്യൂളിലാണ് പൃഥ്വിരാജ് ജോയിന്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നും സിനിമയുടെ ലൊക്കേഷനിലേക്ക് യാത്ര തിരിക്കുന്ന മഹേഷ് ബാബുവിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കോരാപുത്തിലെ തലമാലി ഹില്‍ടോപ്പിലാണ് ചിത്രത്തിന്റെ ബ്രഹ്‌മാണ്ഡ സെറ്റ്.
കൊടും വനത്തിനുള്ളിലുള്ള സാഹസിക രംഗങ്ങളാകും ഇവിടെ ചിത്രീകരിക്കുക. വനത്തില്‍ ചിത്രീകരണം നടത്തുവാനായി സര്‍ക്കാറില്‍ നിന്നും ടീം പ്രത്യേക അനുവാദം വാങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും പൃഥ്വിരാജ് എത്തുക എന്നാണ് വിവരങ്ങള്‍. പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ നായികയാകുന്നത്.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായ ചിത്രം 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ഈ മാസം അവസാനം വരെ ചിത്രത്തിന്റെ ഒഡീഷ ഷെഡ്യൂള്‍ നീളും.
പല ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സഅംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു പ്രതിഫലം വാങ്ങാതെയാണ് സിനിമ ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.