കൊച്ചിയിൽ കുറച്ച് പിള്ളേര് ഇറങ്ങുന്നുണ്ടെന്ന് കേട്ടു..; അതൊക്കെ മട്ടാഞ്ചേരി..ടീമല്ലേ; വേദിയിൽ തകർപ്പൻ മറുപടിയുമായി മമ്മൂട്ടി; കൈയ്യടിച്ച് ആരാധകർ
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച - റിംഗ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലെ തന്റെ അതിഥി വേഷം മെഗാസ്റ്റാർ മമ്മൂട്ടി സ്ഥിരീകരിച്ചു. ദുബൈയിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ചാണ് 'വാൾട്ടർ' എന്ന കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകൾക്ക് അദ്ദേഹം വ്യക്തത നൽകുകയും ചിത്രത്തിന്റെ റിലീസ് തീയതി 22 ആണെന്ന് അറിയിക്കുകയും ചെയ്തത്.
വ്യവസായി പോളണ്ട് മൂസയുടെ 'ഫ്രാഗ്രന്‍സ് വേള്‍ഡ്' 150-ൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചതിന്റെ ആഘോഷ പരിപാടിയിലാണ് മമ്മൂട്ടി പങ്കെടുത്തത്. വേദിയിലെ അവതാരക രഞ്ജിനി ഹരിദാസ് 'ചത്താ പച്ച'യെക്കുറിച്ച് മമ്മൂട്ടിയോട് ആരാഞ്ഞു. "വാള്‍ട്ടറിന്റെ കുറച്ച് പിള്ളേര് അവിടെ കൊച്ചിയില്‍ ഇറങ്ങുന്നുണ്ടെന്ന് കേട്ടു" എന്ന രഞ്ജിനിയുടെ ചോദ്യത്തിന്, "അത് മട്ടാഞ്ചേരിയിലെ പിള്ളേരല്ലേ" എന്ന് മമ്മൂട്ടി ഉടൻ മറുപടി നൽകി. തുടർന്ന്, "22-ാം തീയതിയാ, ചത്താ പച്ച" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിലൂടെ ആകാംഷയുയർത്തിയ 'വാൾട്ടർ' മമ്മൂട്ടിയുടെ കഥാപാത്രമാണെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് സ്ഥിരീകരണമായി.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യു.ഡബ്ല്യു.ഇ സ്റ്റൈൽ ആക്ഷൻ കോമഡി എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഒരു പഞ്ച് ഡയലോഗോടെയാണ് അവസാനിച്ചിരുന്നത്. ഇത് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.