പണിയെടുത്ത പൈസ കിട്ടാതെ ഞാൻ വല്ലാതെ തളർന്നു; പാനിക് അറ്റാക്ക് വരെ വന്നു; കാശ് കടം വാങ്ങിയവർ എന്നെ ചീത്തവിളിച്ചു; ജീവിതത്തിലെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് നടി മനീഷ
ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് നടിയും ഗായികയുമായ മനീഷ കെ. സുബ്രഹ്മണ്യൻ. തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും സ്ഥിരവരുമാനമില്ലാത്തതിനെക്കുറിച്ചുമെല്ലാം താരം തുറന്നുപറയുന്നുണ്ട്. തുടരെ ആശുപത്രിയിലായതോടെ കാശ് കടം വാങ്ങിയവർ ചീത്ത വിളിക്കാൻ തുടങ്ങിയെന്നും അത് മനസിനെ കുറച്ചൊന്നുമല്ല ഉലച്ചതെന്നും അവർ പറഞ്ഞു. ജോലിക്ക് കൂലി ലഭിക്കാതിരുന്നതോടെ പാനിക് അറ്റാക്കുണ്ടായി. സഹായത്തിന് വിളിച്ചാൽ പലരും ഫോൺ പോലും എടുക്കാതെയായെന്നും അവർ സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
മനീഷയുടെ പോസ്റ്റിന്റെ പൂർണരൂപം...
ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരക്കഥ പോലെയാണ്. കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത്. മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെയായി.
കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചത്. നീണ്ട പത്തുപതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ലബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരികക്ലേശങ്ങളിലേയ്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർത്ഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി അത്. പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി.
ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുതന്നെ എഴുതും. ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു self motivation നു വേണ്ടിയാണ്. ആലോചിച്ചാൽ ഒരന്തവുമില്ല, ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നയേ മുന്നോട്ടുപോകൂ. കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ. കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും. ഏതു കഷ്ടകാലത്തും പുഞ്ചിരിച്ചു നിൽക്കാനുള്ള കഴിവു തന്ന ദൈവത്തിനു നൂറുനൂറു നന്ദി ഉണ്ടെന്നും താരം കുറിച്ചു.