ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' ഒ.ടി.ടിയില്‍ എത്തുന്നു; ഫനീഫ് അദോനി ചിത്രം എത്തുന്നത് സോണി ലിവില്‍; തീയതി പുറത്ത്
ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' ഒ.ടി.ടിയില്‍ എത്തുന്നു
കൊച്ചി: ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായ മാര്‍ക്കോ ഒടിടിയിലേക്ക്. ഫനീഫ് അദോനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ക്കോ. ഡിസംബര്‍ 20 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടിയിലെത്തുന്നു. ഫെബ്രുവരി 14 ന് സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത സീനുകളോടെയാണ് ചിത്രം ഒ.ടി.ടിയിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം കാണാം.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ 100 കോടിക്ക് മുകളിലാണ് നേടിയത്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ജനുവരി 31 മുതല്‍ 'മാര്‍ക്കോ' കന്നഡയിലും റിലീസിനെത്തിയിട്ടുണ്ട്. മാര്‍ക്കോ കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ 'മാര്‍ക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, സിദ്ദീഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.