കാഴ്ച, കേള്‍വി പരിമിതി ഉള്ളവര്‍ക്കും ഉണ്ണി മുകുന്ദൻ ചിത്രം ആസ്വദിക്കാം; 'മാർക്കോ' പുറത്തിറങ്ങുക അത്യാധുനിക സംവിധാനങ്ങളോടെ; പ്രഖ്യാപനവുമായി നിര്‍മ്മാതാവ്

Update: 2024-12-05 09:45 GMT

കൊച്ചി: വമ്പൻ ഹൈപ്പോടെയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ 'മാർക്കോ' റിലീസിനായി ഒരുങ്ങുന്നത്. ആരാധകരും വലിയ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്. മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന ചിത്രത്തിന്റെ ടീസർ അടക്കം വാക്കിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനങ്ങളും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറക്കാര്‍.

കാഴ്ച, കേള്‍വി പരിമിതി ഉള്ളവര്‍ക്കും ചിത്രം ആസ്വദിക്കാന്‍ സാധിക്കുന്ന എഡി (ഓഡിയോ ഡിസ്ക്രിപ്ഷൻ), സിസി (ക്ലോസ്ഡ് ക്യാപ്ഷൻ) സംവിധാനങ്ങളോടെയായിരിക്കും ചിത്രം പുറത്തിറക്കുന്നതെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് അറിയിച്ചിരിക്കുകയാണ്.

''മാർക്കോ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കുന്നതിനായി ഓഡിയോ ഡിസ്ക്രിപ്ഷൻ, ക്ലോസ്ഡ് ക്യാപ്ഷൻ സംവിധാനങ്ങൾ നിയമപ്രകാരം ഉൾപ്പെടുത്തുകയാണ്. ഇതു വഴി കാഴ്ച ശക്തിക്കും കേൾവി ശക്തിക്കും പരിമിതി ഉള്ളവർക്കും ചിത്രം ആസ്വദിക്കാൻ കഴിയും. ഈ സംവിധാനങ്ങൾ മൂവി ബഫ് ആക്സസ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നതാണ്', ഷെരീഫ് മുഹമ്മദ് അറിയിച്ചു.

ചിത്രം 30 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് വിവരം. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിൽ ഏഴ് സംഘട്ടന രംഗങ്ങളാണുള്ളത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്.

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    

Similar News