സംവിധാനവും അഭിനയവും മാത്രമല്ല; സിനിമയിലെ ഗായകനും മോഹന്‍ലാല്‍ തന്നെ: ബറോസിലെ ഇസബെല്ലാ ഗാനം പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍
മോഹന്‍ലാലിന്റെ ആദ്യ സംവിധകനത്തില്‍ ഒരുങ്ങുന്ന ചിത്രമായ ബറോസിലെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഇസബെല്ലാ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ഈ പാട്ട് പാടിയിരിക്കുന്നത്. ലിഡിയന്‍ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനം സ്റ്റുഡിയോയില്‍ നിന്ന് പാടുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് പുറത്തുവിട്ട ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞൊടിയിടയില്‍ തന്നെ ഗാനം വൈറലായിരിക്കുകയാണ്.
ഇസബെല്ലാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശി കുമാറാണ്. വിദേശ ഓര്‍ക്കസ്ട്ര ടീമാണ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഡിസംബര്‍ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയിലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്ലറാണ് പുറത്തിറങ്ങിയത്. കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.