ഇത് എന്തോന്ന് 'ആന്റി' നാഷണല്‍ ഡേയ്; 'ദ താജ് സ്റ്റോറി'യിലെ ട്രെയിലറിൽ തെളിഞ്ഞ അക്ഷരത്തെറ്റ്; കണ്ടുപിടിച്ചതും സോഷ്യൽ മീഡിയയിൽ ട്രോൾ മഴ
മുംബൈ: നടൻ പരേഷ് റാവൽ നായകനാകുന്ന 'ദ താജ് സ്റ്റോറി' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ചിത്രത്തിലെ ഒരു ഷോട്ടിലെ അക്ഷരത്തെറ്റാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഒക്ടോബർ 31-ന് തിയേറ്ററുകളിൽ എത്തും.
ട്രെയിലറിൽ, പരേഷ് റാവൽ അവതരിപ്പിക്കുന്ന വിഷ്ണുദാസ് എന്ന കഥാപാത്രത്തിനെതിരെ ഒരു സംഘം ആളുകൾ പ്രതിഷേധിക്കുന്ന രംഗമുണ്ട്. ഇതിൽ പ്രതിഷേധക്കാർ ഉപയോഗിക്കുന്ന പ്ലക്കാർഡുകളിലൊന്നിലാണ് 'ആന്റി നാഷണൽ' (Anti-National) എന്ന വാക്ക് 'Aunty National' എന്ന് തെറ്റായി എഴുതിയിരിക്കുന്നത്.
ട്രെയിലറിലെ മറ്റു പ്ലക്കാർഡുകളിൽ ശരിയായ സ്പെല്ലിംഗ് ഉപയോഗിച്ചിരിക്കുന്നതിനാൽ ഇത് പ്രവർത്തകർക്ക് സംഭവിച്ച പിശകാണെന്നാണ് പ്രേക്ഷകർക്കിടയിൽ സംസാരം. ഇത് മനഃപൂർവമുള്ള പരിഹാസമാണോ അതോ അക്ഷരത്തെറ്റാണോ എന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
താജ്മഹൽ ഒരു ശവകുടീരമാണോ അതോ ക്ഷേത്രമാണോ എന്നറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന തരത്തിലുള്ള പരാമർശങ്ങളും ട്രെയിലറിൽ ഉൾപ്പെടുന്നുണ്ട്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. താജ്മഹലിന്റെ മിനാരത്തിനുള്ളിൽ നിന്ന് ശിവന്റെ വിഗ്രഹം ഉയർന്നു വരുന്നതായിരുന്നു മോഷൻ പോസ്റ്ററിലെ ചിത്രം. ഇത് വലിയ വിമർശനത്തിനിടയാക്കിയതിനെത്തുടർന്ന് നിർമ്മാതാക്കൾ പോസ്റ്റർ പിൻവലിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രവസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു.