അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെ; ചെറുപ്പക്കാര്‍ കയറി വരണമെന്ന ഉദ്ദേശ്യമായിരുന്നു അദ്ദേഹത്തിന്; പിന്തുണച്ച് എം മുകേഷ് എംഎല്‍എ

അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെ

Update: 2025-08-04 10:32 GMT

കൊല്ലം: അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ. സര്‍ക്കാര്‍ ഫണ്ടില്‍ സിനിമയെടുക്കുന്ന സ്ത്രീകള്‍ക്കും ദലിത് വിഭാഗക്കാര്‍ക്കും പരിശീലനം നല്‍കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെയാണെന്ന് മുകേഷ് പ്രതികരിച്ചു. ഗുരുക്കന്‍മാര്‍ പറഞ്ഞു കൊടുക്കുന്നതില്‍ എന്താണ് തെറ്റ്. ചെറുപ്പക്കാര്‍ കയറി വരണമെന്ന ഉദ്ദേശ്യമായിരുന്നു അദ്ദേഹത്തിനെന്നും മാധ്യമങ്ങളോട് മുകേഷ് പ്രതികരിച്ചു.

ഒരു ഇന്റര്‍വ്യൂ നടത്തി ആവശ്യമെങ്കില്‍ 3 മാസത്തെ പരിശീലനം നല്‍കണമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. അറിഞ്ഞുകൂടാത്ത സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നത് നല്ലതാണ്. അതാണ് തന്റെയും അഭിപ്രായം എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. കപ്പാസിറ്റി ഉള്ളവര്‍ ചെയ്യട്ടെ അല്ലെങ്കില്‍ പറഞ്ഞു കൊടുക്കുന്നതില്‍ തെറ്റില്ല. നല്ല ചെറുപ്പക്കാര്‍ കയറിവരണമെന്ന് ഉദ്ദേശമായിരിക്കും അദ്ദേഹത്തിനെന്നും മുകേഷ് അടൂരിനെ ന്യായീകരിച്ചു.

സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. സര്‍ക്കാറിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സിവ് ട്രെയിനിങ് കൊടുക്കണമെന്നായിരുന്നു അടൂരിന്റെ ആവശ്യം. 'സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം'- എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags:    

Similar News