തിയേറ്ററുകളിൽ എത്തിയതോടെ ട്രോളുകൾ വാരിക്കൂട്ടി; ഒടുവിൽ 'പരം സുന്ദരി' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്
മുംബൈ: സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'പരം സുന്ദരി' എന്ന ചിത്രം ഒ.ടി.ടിയിലേക്ക്. ഒക്ടോബർ 24 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 29ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.
ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിച്ച മലയാളി പെൺകുട്ടിയുടെ സങ്കൽപവും സംഭാഷണങ്ങളും വലിയ തോതിലുള്ള ട്രോളുകൾക്ക് വഴിവെച്ചിരുന്നു. റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രത്തിലെ ചില രംഗങ്ങൾ കത്തോലിക്കാ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വാച്ച്‌ഡോഗ് ഫൗണ്ടേഷൻ എന്ന ക്രിസ്ത്യൻ സംഘടന രംഗത്തെത്തിയിരുന്നു. സിനിമയിൽ നിന്ന് മാത്രമല്ല, പ്രൊമോഷണൽ വീഡിയോകളിലും ട്രെയിലറുകളിലും ഗാനങ്ങളിലും നിന്നും ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
തുഷാർ ജലോട്ട സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് കപൂർ, മൻജോത് സിങ്, ഇനായത് വർമ, രഞ്ജി പണിക്കർ, സിദ്ധാർഥ ശങ്കർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദിനേശ് വിജനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആർഷ് വോറ സഹരചയിതാവായും സച്ചിൻ-ജിഗർ സംഗീതസംവിധായകരായും പ്രവർത്തിച്ചു. ശാന്തന കൃഷ്ണൻ ഛായാഗ്രഹണവും മനീഷ് പ്രധാന എഡിറ്റിംഗും നിർവഹിച്ചു.