മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ്; മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിന് പാക്കപ്പ്; ആകാംഷയോടെ ആരാധകർ

Update: 2026-01-02 16:27 GMT

കൊച്ചി: 19 വർഷത്തിനുശേഷം മലയാളത്തിൻ്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പാട്രിയറ്റി'ന്റെ ചിത്രീകരണം പൂർത്തിയായി. ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണത്തിനൊടുവിൽ വെള്ളിയാഴ്ച കൊച്ചിയിൽ വെച്ചാണ് സിനിമയുടെ പാക്കപ്പ് നടന്നത്. ഏപ്രിലിൽ ചിത്രം തിയറ്ററുകളിലെത്തും. 2024 നവംബറിൽ ശ്രീലങ്കയിൽ തുടക്കമിട്ട ചിത്രത്തിന്റെ ചിത്രീകരണം, വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലേറെ നീണ്ടതിന് ശേഷമാണ് പാക്കപ്പായത്.

അവസാനദിവസം കൊച്ചിയിൽ മമ്മൂട്ടിയുടെ രംഗങ്ങളാണ് ചിത്രീകരിച്ചത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ എന്ന ബഹുമതിയും 'പാട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബൈജാൻ, യു.എ.ഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളും ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ ഇന്ത്യയിലെ വൻന​ഗരങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി.

'ടേക്ക് ഓഫ്', 'മാലിക്' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഈ സിനിമയിൽ വൻ താരനിര അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർക്കൊപ്പം ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, 'മദ്രാസ് കഫേ', 'പത്താൻ' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ പ്രകാശ് ബെലവാടി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മനുഷ് നന്ദനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

സം​ഗീതം സുഷിൻ ശ്യാം. സംവിധായകൻ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹവും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് എഡിറ്റിങ്. അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്പൈ ത്രില്ലറായാണ് 'പാട്രിയറ്റ്' ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസറിന് ഇതിനോടകം മികച്ച വരവേൽപ്പ് ലഭിച്ചിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഗംഭീര ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ സൂചന നൽകുന്നു. 

Tags:    

Similar News