മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം; പ്രതീക്ഷ നൽകി 'പേട്രിയറ്റ്' അപ്‌ഡേറ്റ്; ടീസർ നാളെ പുറത്തിറങ്ങും
കൊച്ചി: മലയാളത്തിൻ്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിൻ്റെ ടീസർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറങ്ങും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രം കൂടിയാണിത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നു. ഹൈദരാബാദിൽ ആണ് മമ്മൂട്ടി ഇന്ന് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്തത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവർ സഹനിർമ്മാതാക്കളാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ചിത്രത്തിൻ്റെ വിവിധ ഷെഡ്യൂളുകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായിരിക്കും 'പേട്രിയറ്റ്' എന്ന് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, ദർശന രാജേന്ദ്രൻ, സനൽ അമാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം നൽകുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും കോമ്പിനേഷൻ രംഗങ്ങൾക്കായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.