തിയേറ്ററുകളിൽ ആളെ നിറച്ച് 'പെറ്റ് ഡിറ്റക്ടീവ്'; ഷറഫുദ്ദീൻ-അനുപമ പരമേശ്വരൻ കോമ്പോയുടെ ചിത്രം 150-ൽ നിന്ന് 200 സ്ക്രീനിലേക്ക്

Update: 2025-10-23 13:24 GMT

കൊച്ചി: ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രം റിലീസ് ചെയ്ത് രണ്ടാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുന്നു. 150 സ്ക്രീനുകളിൽ കേരളത്തിൽ റിലീസ് ചെയ്ത ചിത്രം, പ്രേക്ഷക സ്വീകാര്യതയേറിയതിനെ തുടർന്ന് നിലവിൽ 200 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഷറഫുദ്ദീന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നിലേക്കാണ് ഈ ചിത്രം മുന്നേറുന്നത്.

പ്രതീക്ഷിച്ചതിലും വലിയ പ്രേക്ഷക-നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിനകത്തും പുറത്തും മികച്ച പ്രതികരണങ്ങൾ നേടുന്ന ചിത്രം, ആദ്യ 5 ദിവസത്തിനുള്ളിൽ 9.1 കോടി രൂപ ആഗോള കളക്ഷൻ നേടി. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകരെ വൻതോതിൽ ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ടോണി ജോസ് അലുല എന്ന ഡിറ്റക്ടീവ് കഥാപാത്രമായി ഷറഫുദ്ദീൻ തകർത്തഭിനയിക്കുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങൾ പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യകരമാണെന്നും, ചിരിയോടൊപ്പം ആക്ഷനും സാഹസികതയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ മികച്ച തിയേറ്റർ അനുഭവം നൽകുന്നു എന്നും വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.

പ്രനീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവരാണ് നിർമ്മാണം. വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ വിതരണം നിർവഹിച്ചത്.

Tags:    

Similar News