'മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ല'; മോഹൻലാൽ-ലിജോ കൂട്ടുകെട്ടിൽ പുതിയ പ്രൊജക്ടുകളൊന്നും പ്ലാൻ ചെയ്തിട്ടില്ല; മലൈക്കോട്ടൈ വാലിബൻ പരാജയമായിരുന്നില്ലെന്നും നിർമ്മാതാവ് ഷിബു ബേബി ജോൺ
കൊച്ചി: വലിയ പ്രതീക്ഷയോടെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ ചിത്രമായിരുന്നു 'മലൈക്കോട്ടൈ വാലിബൻ'. സമീപകാലത്ത് മികച്ച ചിത്രങ്ങൾ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലുമായി ആദ്യമായി ഒന്നിച്ച ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. വലിയ വിമർശനമാണ് ചിത്രത്തിന് ലഭിച്ചതും. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയിലാണ് മലൈക്കോട്ടൈ വാലിബൻ അവസാനിച്ചിരുന്നത്. എന്നാൽ ചിത്രം പരാജയമായതോടെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് സൂചന നേരത്തെ തന്നെ സംവിധായകൻ നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോണ്‍.
മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്നാണ് നിർമാതാവ് പറയുന്നത്. ആ കോമ്പിനേഷനിൽ തൽക്കാലം പുതിയ ചിത്രങ്ങളൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്നും മോഹൻലാലിന് പറ്റുന്ന ഒരു സബ്ജക്ട് എപ്പോൾ കിട്ടുന്നുവോ അപ്പോൾ മാത്രമേ പുതിയ പടം ചെയ്യുകയുള്ളൂവെന്നും പറഞ്ഞു. 2024 ജനുവരി 25 നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലെത്തിയത്.
'മലൈക്കോട്ടൈ വാലിബൻ ഒരു ഫ്ലോപ്പ് ചിത്രമായിരുന്നില്ല. സിനിമ നമ്മൾ പ്രതീക്ഷിച്ച ലെവലിലേക്ക് പോയില്ലെന്നെയുള്ളൂ. സിനിമയുടെ റിവ്യൂ എല്ലാം നോക്കുമ്പോൾ അതൊരു പരാജയപ്പെട്ട ചിത്രമല്ല സാമ്പത്തികമായി നോക്കിയാൽ വലിയ കുഴപ്പമില്ലാതെ തലയൂരാൻ പറ്റി.മോഹൻലാൽ-ലിജോ കൂട്ടുകെട്ടിൽ തൽക്കാലം പുതിയ പ്രൊജക്ടുകളൊന്നും പ്ലാൻ ചെയ്തിട്ടില്ല. വലിബന് രണ്ടാംഭാഗമില്ല. ലാലിന് പറ്റുന്ന ഒരു സബ്ജക്ട് കിട്ടുമ്പോൾ സിനിമ ചെയ്യും. നല്ല സബ്ജക്ട് ആണെന്ന് ഉറപ്പുവരുത്തിയിട്ടേ സിനിമ പ്രഖ്യാപിക്കുയുള്ളൂ' എന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്.