കോടികൾ നേടി താരങ്ങളും; അല്ലു അർജുന് പ്രതിഫലം 300 കോടി; പ്രതിഫലം ഇരട്ടിപ്പിച്ച് ഫഹദും, രശ്മികയും; ഒട്ടും മോശമാക്കാതെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ശ്രീലീലയും; 'പുഷ്പ 2' താരങ്ങളുടെ പ്രതിഫല കണക്കുകൾ പുറത്ത്
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ വരാനിരിക്കുന്ന ചിത്രമാണ് 'പുഷ്പ 2'. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ സെയിൽ ബുക്കിങ്ങിൽ ഉൾപ്പെടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന താരങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രഷ്മിക മന്ദാന എന്നിവരുടെ പ്രതിഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തിലെ നായകനായ സൂപ്പർ താരം അല്ലു അർജുന്റെ പ്രതിഫലം 300 കോടിയാണ്. ഇക്കാര്യം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതോടെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന താരമെന്ന നേട്ടമാണ് അല്ലു അർജുന് നേടിയത്. വിജയ്, ഷാരൂഖ് ഖാൻ അടക്കമുള്ള നടന്മാരെ പിന്നിലാക്കിയാണ് അല്ലു ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പുഷ്പ 2വിൽ നായിക കഥാപാത്രമായി എത്തുന്ന രശ്മിക മന്ദാനയുടെ പ്രതിഫലം പത്ത് കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ വിജയത്തിന് ശേഷമാണ് രശ്മിക പ്രതിഫലം ഇരട്ടിപ്പിച്ചത്. അല്ലു അർജുന്റെ വില്കലനായി എത്തുന്ന ഫഹദ് ഫാസിലിന്റെ പ്രതിഫലം എട്ട് കോടിയാണ്. ആദ്യഭാഗത്തിൽ 3.5 കോടിയായിരുന്നു ഫഹദിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്.
പുഷ്പ 2വിലെ കിസിക്ക് എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ശ്രീലീലയുടെ പ്രതിഫലം രണ്ട് കോടിയാണ്. ആദ്യഭാഗത്തിൽ സാമന്ത വാങ്ങിയതിനെക്കാൾ വളരെ കുറവാണ് ശ്രീലീലയുടെ പ്രതിഫലം. അഞ്ച് കോടിയായിരുന്നു അന്ന് സാമന്ത വാങ്ങിയത്. സംഗീത സംവിധായകൻ ദേവീ ശ്രീ പ്രസാദിന് അഞ്ച് കോടിയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, റെക്കോർഡുകൾ തകർക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രമെന്നാണ് പ്രീ സെയിൽ കണക്കുകൾ സൂചിപ്പിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഇതിനോടകം 50 കോടിയുടെ പ്രീ സെയിൽ പുഷ്പ 2 നേടി കഴിഞ്ഞു. ഇനിയും സംഖ്യകൾ ഉയരാൻ സാധ്യതയേറെയാണ്.
ഇതുപ്രകാരം ആദ്യദിനം 250 കോടി കളക്ഷൻ പുഷ്പ നേടുമെന്നാണ് വിലയിരുത്തൽ. ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന ചിത്രമായിരിക്കും പുഷ്പ 2 എന്ന കണക്ക് കൂട്ടലിലാണ് അണിയറ പ്രവർത്തകരും ആരാധകരും.