ഉത്ര വധം ബിഗ് സ്ക്രീനിലേക്ക്; നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ ഒരുക്കുന്ന 'രാജകുമാരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് മഞ്ജു വാരിയർ
കൊച്ചി: കേരളത്തെ നടുക്കിയ ഉത്ര വധക്കേസ് ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നടി മഞ്ജു വാര്യർ പ്രകാശനം ചെയ്തു. 'രാജകുമാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യരുടെ ഔദ്യോഗിക പേജിലൂടെയാണ് പുറത്തിറക്കിയത്. ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ലക്ഷ്യമിടുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ ചേർന്നാണ്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. നവാഗത സംവിധായകൻ ഉണ്ണിദാസ് കൂടത്തലിന്റെ വാക്കുകളിൽ, കേരള സമൂഹത്തെ ഞെട്ടിച്ച യഥാർത്ഥ സംഭവമാണ് ചിത്രത്തിന് പ്രചോദനമായത്.
കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ വികലാംഗയും ഒരു വയസ്സുള്ള മകന്റെ അമ്മയുമായിരുന്ന ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പിന്നീട് പുറത്തുവരികയായിരുന്നു. ഭർത്താവിന്റെ ആസൂത്രിതമായ കൊലപാതകമായിരുന്നെന്ന് തെളിഞ്ഞതോടെ ഇയാൾക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. ഈ സംഭവം തന്നെയാണ് 'രാജകുമാരി'യിലൂടെ ചർച്ചയാകുന്നത്.
'ജോസഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആത്മീയയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. തികച്ചും ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ചിത്രത്തിലെ നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശീലനം നേടിയ മൂന്ന് പേരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്: സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ അഖിൽ ദാസ്, ഛായാഗ്രാഹകൻ ശ്രീരാഗ് മാങ്ങാട്.
വിനായക് ശശികുമാർ വരികളെഴുതിയ ഗാനങ്ങൾക്ക് ഡെൻസൺ ഡൊമിനിക് ഈണം പകരുന്നു. അനീസ് നാടോടി കലാസംവിധാനവും റോണി വെള്ളത്തൂവൽ മേക്കപ്പും അരുൺ മനോഹർ കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
