എമ്പുരാന്റെ ട്രെയിലര്‍ ആദ്യമായി കണ്ടത് രജനികാന്ത്; നടന്റെ വാക്കുകള്‍ ഒരിക്കലും മറക്കില്ലെന്ന് പൃഥ്വിരാജ്; കുറിപ്പുമായി താരം
‘എമ്പുരാന്‍’ ട്രെയ്‌ലറിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളോട് പുതിയ വിശേഷം പങ്കുവച്ച് പൃഥ്വിരാജ്. ട്രെയ്‌ലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്നും അദ്ദേഹം പറഞ്ഞ വാക്കുകള്‍ അമൂല്യമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
”എമ്പുരാന്‍ ട്രെയ്ലര്‍ ആദ്യം കണ്ട ആള്‍ രജനികാന്ത്, ട്രെയ്ലര്‍ കണ്ടതിന് ശേഷം നിങ്ങള്‍ പറഞ്ഞത് ഞാന്‍ എപ്പോഴും ഓര്‍ക്കും! അത് എനിക്ക് മറക്കാന്‍ സാധിക്കില്ല! ലോകം കീഴടക്കിയ സന്തോഷമുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകന്‍!” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റെതായി അപ്‌ഡേറ്റ് ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഇത് ട്രെയ്ലര്‍ അപ്‌ഡേറ്റ് ആയിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ എമ്പുരാന്റെ ഷോ ആരംഭിക്കും. സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയിരുന്നു. പകരം ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുത്തിട്ടുണ്ട്. സിനിമയുടെ റിലീസ് വൈകുമെന്ന വാര്‍ത്തകള്‍ ഇതിനിടെ പ്രചരിച്ചിരുന്നു.
എന്നാല്‍ റിലീസ് വൈകില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ട്രെയ്ലര്‍ ഉടന്‍ റിലീസ് ചെയ്യും എന്നും വിവരങ്ങളുണ്ട്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.