'ഓരോ സെക്കൻഡിലും സിഗരറ്റ് വലിക്കുന്ന നായകൻ, വെള്ളത്തിന് പകരം കുടിക്കുന്നത് ബക്കാർഡി'; പഴയ ബുജി ആക്രികളൊക്കെയുണ്ട്; രഞ്ജിത്ത് ഒരുക്കിയ 'ആരോ'യ്ക്ക് ട്രോൾ മഴ
കൊച്ചി: പ്രമുഖ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ 'ആരോ' എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ, കയ്യടികളേക്കാൾ കൂടുതൽ വിമർശനങ്ങളും ട്രോളുകളുമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.
മഞ്ജു വാര്യർ, ശ്യാമപ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൻ്റെ സംഗീതം ബിജിബാലാണ് നിർവഹിച്ചിരിക്കുന്നത്. നടീനടന്മാരുടെ പ്രകടനത്തെയും സംഗീതത്തെയും അഭിനന്ദിക്കുന്നതിനിടയിലും സംവിധായകൻ്റെ ആശയത്തെയും അവതരണത്തെയും പലരും വിമർശിക്കുന്നു. 21 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം റീലിൽ ഒതുങ്ങേണ്ട വിഷയമാണെന്നും, പഴയകാല ആശയങ്ങളെയാണ് രഞ്ജിത്ത് തിരികെ കൊണ്ടുവന്നിരിക്കുന്നതെന്നുമാണ് പ്രധാന വിമർശനം. സ്കൂൾ കുട്ടികൾ പോലും മികച്ച ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുന്ന ഈ കാലഘട്ടത്തിൽ 'ആരോ' പഴഞ്ചനാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ചിലർ സിനിമയെ ബക്കാർഡിയുടെ പരസ്യമായി വിശേഷിപ്പിക്കുന്നു. "സെക്കൻഡിൽ ഓരോ സിഗരറ്റ് വലിച്ച് തറയിൽ കുറ്റി നിക്ഷേപിക്കുന്ന തറവാടിയും വെള്ളത്തിന് പകരം ബക്കാർഡി വിഴുങ്ങുന്നവനും. ദുർമേദസ്സാലും സമ്പന്നനായ മധ്യവയസ്കനായ എഴുത്തുകാരൻ, ആഢ്യത്തത്തിന് ഇരിപ്പിടമായ തറവാട്ട് വീട്... പഴയ മലയാള സിനിമയും സാഹിത്യവും കൊണ്ട് നടന്ന ബുജി ആക്രികളൊക്കെ രഞ്ജിത്ത് തിരിച്ചെടുത്തിട്ടുണ്ട് ആരോയ്ക്ക് വേണ്ടി," എന്ന തരത്തിലുള്ള നിരീക്ഷണങ്ങളും പങ്കുവെക്കപ്പെടുന്നു. നടൻ്റെ ഏകാന്തത കാണിക്കാൻ ഉറക്കം ഉണരുന്നതും ബാത്ത്റൂമിൽ പോകുന്നതും സിഗരറ്റ് വലിക്കുന്നതും കാണിച്ചാൽ റിയലിസം ആകുമെന്ന തെറ്റിദ്ധാരണ സംവിധായകനുണ്ടെന്നും ഇത് ഈ കാലഘട്ടത്തിൽ സൃഷ്ടിയാകുമോ എന്നും ചോദ്യങ്ങളുയരുന്നു.