ഷാജി കൈലാസ് ഒരുക്കുന്ന ആക്ഷൻ ചിത്രം; ജോജു ജോർജ് പോളച്ചനായെത്തുന്ന 'വരവ്'; ചിത്രീകരണം പുരോഗമിക്കുന്നു
മറയൂർ: സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന 'വരവ്' എന്ന സിനിമയുടെ ചിത്രീകരണം മറയൂരിൽ പുരോഗമിക്കുന്നു. ജോജു ജോർജ് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം വിവിധ ഘട്ടങ്ങളിലാണ്. ഹൈറേഞ്ചിലെ പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടമാണ് 'വരവ്' പറയുന്നത്.
കഴിഞ്ഞ ദിവസം ചിത്രീകരണത്തിൽ ജോജു ജോർജ് പങ്കുചേർന്നു. പോളി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ജോജു ജോർജ്-ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ബിഗ് സ്ക്രീനിൽ ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് നിർമ്മാണം. ജോമി ജോസഫ് കോ പ്രൊഡ്യൂസറാണ്.
വൻ മുതൽമുടക്കിലും മികച്ച താരനിരയോടെയും ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് വരുന്നത്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്കായി കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ തുടങ്ങിയ പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർമാർ ഒരുമിക്കുന്നു. നടി സുകന്യയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവും ഈ ചിത്രത്തിലൂടെയാണ്.
'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്', 'ദ്രോണ' എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് 'വരവി'ന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു, ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണനും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു.