‘അളിയാ ടോയ്‌ലറ്റ് ഫൈറ്റ് എടുക്കണ്ടേ..!'; സെറ്റിൽ ആക്ഷൻ പറഞ്ഞതും കണ്ടത് മറ്റൊരു ആളെ; മെഡിക്കൽ കോളേജിലെ ബാത്ത്റൂമിൽ ഉരുണ്ട് മറിഞ്ഞ് അഭിനയിച്ച് നടൻ ശ്രീനാഥ് ഭാസി; അമ്പരന്ന് ക്രൂ!
കൊച്ചി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ബാത്ത്റൂമിൽ വീണു കിടന്ന് അഭിനയിച്ച് ശ്രീനാഥ് ഭാസി. നടന്റെ അടുത്ത ചിത്രമായ ‘ആസാദി’ സിനിമയുടെ സെറ്റിലാണ് ക്രൂവിനെ അമ്പരിപ്പിച്ച സംഭവം നടന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും കോട്ടയം മെഡിക്കല് കോളേജിലാണ് ചിത്രീകരിച്ചത്.
സംവിധായകൻ ജോ ജോർജ് ന്റെ വാക്കുകൾ...
ഭാസിയുടെ കഥാപാത്രമായ രഘു പോലീസിന്റെ അടിയേറ്റു ആശുപത്രി ടോയ്‌ലെറ്റിൽ വീണുകിടക്കുന്ന രംഗമുണ്ട് . ഇത് ചിത്രീകരിക്കാൻ വേണ്ടി സെറ്റ് തയാറാക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് , ‘അളിയാ ടോയ് ലറ്റ് ഫൈറ്റ് എടുക്കണ്ടേ’ എന്നു ചോദിച്ച് ഭാസി മച്ചാൻ വന്നത്. അതിന്റെ സെറ്റാണിതെന്ന് പറഞ്ഞപ്പോൾ, വാ എന്നു പറഞ്ഞ് പുള്ളി എന്റെ കൈപിടിച്ച് നടന്നു. ആശുപത്രി കോമ്പൗണ്ടിലെ പേ ടോയ് ലറ്റിലേക്കാണ് എന്നെ കൊണ്ടുപോയത് . അകത്തേക്ക് കയറി മച്ചാൻ പറഞ്ഞു, ‘ഇത് സെറ്റ് ’ എന്ന്. അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി.
പക്ഷെ, തൊട്ടടുത്ത നിമിഷം ആ അമ്പരപ്പ് മാറി. ഷൂട്ടിൽ ഉടനീളം റിയലിസ്റ്റിക് അന്തരീക്ഷത്തിലെ സ്വാഭാവിക അഭിനയം നടത്തിയ അദ്ദേഹത്തിന് ആ തുടർച്ച നിലനിർത്താൻ റിയൽ ലൊക്കേഷൻ തന്നെ വേണമെന്ന് തോന്നിയതിൽ അതിശയമില്ല. അഭിനയത്തെ അത്രമേൽ ഗൗരവത്തോടെ കാണുന്നവർക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണിതെന്ന് ഞാൻ കരുതുന്നു.
പിന്നീട് അനുമതി ലഭിച്ച ശേഷം ടോയ് ലറ്റ് വൃത്തിയാക്കി ആ സീൻ അവിടെ ചിത്രീകരിച്ചപ്പോഴാണ് ഭാസിയുടെ നിർദേശം എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത് . ചിത്രത്തിൽ ആ സീൻ കാണുമ്പോൾ നിങ്ങൾക്കും മനസ്സിലാകും ആ ലൊക്കേഷന്റെ പ്രധാന്യം’ ജോ ജോർജ് കൂട്ടിച്ചേർത്തു.