അതിഭീകര വയലൻസ്; എട്ട് രംഗങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് സെൻസർ ബോർഡ്; ശ്രീനാഥ് ഭാസി ചിത്രം 'പൊങ്കാല' റിലീസ് നീട്ടി
കൊച്ചി: ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രം 'പൊങ്കാല'യുടെ റിലീസ് തീയതി മാറ്റി. ഞായറാഴ്ച തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയായിരുന്ന ചിത്രം, സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങളെത്തുടർന്ന് അപ്രതീക്ഷിതമായി നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിലെ എട്ട് റീലുകളിലെ എട്ട് രംഗങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കും ടീസറിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. എ.ബി. ബിനിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 2000-മാണ്ടിന്റെ പശ്ചാത്തലത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്തെ ഒരു ഹാർബർ പശ്ചാത്തലമാക്കി നടന്ന യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.
ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്, ജൂനിയർ 8 എന്നീ ബാനറുകളിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് 'പൊങ്കാല' നിർമ്മിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം, സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയോടൊപ്പം യാമി സോനയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രീനാഥ് ഭാസി, യാമി സോന എന്നിവരെ കൂടാതെ ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിലുണ്ട്.