ഷറഫുദ്ദീൻ അനുപമ പരമേശ്വരൻ പ്രധാന വേഷങ്ങളിൽ; ശ്രദ്ധനേടി 'പെറ്റ് ഡിറ്റക്ടീവി'ലെ ഗാനം; ഞെട്ടിച്ചുവെന്ന് കമന്റ്
കൊച്ചി: ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന 'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ പുതിയ ഗാനമായ 'തരളിത യാമം' ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജേഷ് മുരുകേശനാണ് സംഗീതം നൽകിയിരിക്കുന്നത്.
പ്രേക്ഷകർക്ക് ചിരിയുടെ വിരുന്നൊരുക്കുന്ന ഒരു ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. "സമ്പൂർണ്ണ മൃഗാധിപത്യം" എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ തീം സോങ്, "തേരാ പാരാ ഓടിക്കോ" എന്ന വരികളോടെയുള്ള അനിമേഷൻ ഗാനം എന്നിവയും ശ്രദ്ധ നേടിയിരുന്നു. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്ററും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രനീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശ്രീ ഗോകുലം മൂവീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ തിയേറ്റർ വിതരണക്കാർ. തിങ്ക് മ്യൂസിക് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയിട്ടുണ്ട്. "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ എഡിറ്റർ.