മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം; 'തുടരും' പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍; ചിത്രം ഏപ്രില്‍ 25ന് തിയേറ്റില്‍; ഫേയ്‌സ്ബുക്ക് പോസ്റ്റ്; ആരാധകര്‍ ആകാംഷയില്‍

Update: 2025-04-07 05:03 GMT

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്‌മാണ്ഡചിത്രം എമ്പുരാന്റെ വലിയ വിജയത്തിനുശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'തുടരും'. സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായി എത്തുന്ന മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്.

വെറുമൊരു ഫീല്‍ ഗുഡ് ചിത്രം മാത്രമല്ല 'തുടരും' എന്ന പ്രതീതി ഉണര്‍ത്തി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി നായകന്‍ മോഹന്‍ലാല്‍ തന്നെ എത്തിയിരിക്കുകയാണ്. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തുമെന്ന് മോഹന്‍ലാല്‍ തന്റെ് ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. 'നിങ്ങള്‍ പറഞ്ഞ് വാക്കുകള്‍ കേട്ടിരിക്കുന്നു. ഞങ്ങളുടെ വരവ് നിങ്ങള്‍ക്ക് അനുഭവപ്പെട്ടു. ഇനി വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സമയമായി. ഏപ്രില്‍ 25 ന് തുടരും തിയേറ്ററുകളില്‍ എത്തുന്നു.' മോഹന്‍ലാല്‍ ഫേയ്ബുക്കില്‍ കുറിച്ചു.

Full View

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. 16 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. വെറുമൊരു ഫാമിലി സിനിമ എന്നതിനോടൊപ്പം കുറച്ച് ത്രില്ലര്‍ മൊമന്റുകളും ചിത്രത്തിലുണ്ടെന്ന് ട്രെയ്ലറില്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തിനായി ഒരു പ്രൊമോ സോങ് ഉണ്ടെന്ന് സംഗീതസംവിധായകന്‍ ജേക്സ് ബിജോയ്യും ഗായകന്‍ എം.ജി. ശ്രീകുമാറും അറിയിച്ചിരുന്നു.

മോഹന്‍ലാലിനും ശോഭനക്കും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Tags:    

Similar News