'വീഡിയോയും ഫോട്ടോയും എടുത്തു വച്ചോ ഇനിയെപ്പോഴാ കാണാൻ കിട്ടുന്നതെന്ന് അറിയില്ല..'; വൈറലായി മോഹൻലാലും പ്രണവും ഒന്നിച്ചുള്ള വീഡിയോ
കൊച്ചി: ജീവിതരീതികളിലും ശൈലികളിലും പെരുമാറ്റത്തിലുമുള്ള ലാളിത്യം കൊണ്ട് പ്രശസ്തനാണ് താരപുത്രനായ പ്രണവ് മോഹൻലാൽ. യാത്രകളെ ഇഷ്ടപ്പെടുന്ന താരം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് തന്നെ വളരെ വിരളമായാണ്. ഇടയ്ക്ക് സിനിമ ചെയ്യാറുണ്ടെങ്കിലും ജോലി പൂർത്തിയാക്കിക്കഴിഞ്ഞാൽ യാത്രകൾക്ക് പോവുന്നതാണ് താരത്തിന്റെ പതിവ്. ഇപ്പോഴിതാ പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ബോബി കുര്യനാണ് ഈ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രാജാവും മകനും എന്ന അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചിരിക്കുന്നത്. കയ്യിൽ ഒരു ബാഗുമായി മുന്നിൽ നടക്കുന്ന പ്രണവിനെ വിഡിയോയിൽ കാണാം. തൊട്ടുപിന്നിലായി മോഹൻലാലുമുണ്ട്. വീഡിയോ എടുക്കുന്നതു കണ്ട് മോഹൻലാൽ ക്യാമറ നോക്കി ചിരിക്കുന്നുണ്ട്. ‘സാഗർ ഏലിയാസ് ജാക്കി’യുടെ ബിജിഎം ഇട്ടാണ് ബോബി കുര്യൻ വീഡിയോ പോസ്റ്റ് ചെയ്തത്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള, വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായെത്തിയത്. ‘ലെ ലാലേട്ടൻ :കിട്ടിയ അവസരമാ... വിഡിയോയും ഫോട്ടോയും എടുത്തു വച്ചോ. ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാൻ ആവില്ല’– ഒരു ആരാധകന്റെ കമന്റ്. ‘എവിടന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ സീൻ...’ എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മോഹൻലാലിന്റെ മഞ്ഞ നിറത്തിലുള്ള ഷൂസും ആരാധകരുടെ ശ്രദ്ധ നേടി.
‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലറാണ് പ്രണവിന്റെ വരാനിരിക്കുന്ന ചിത്രം. ഭ്രമയുഗത്തിനുശേഷം രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവമാണ് മോഹൻലാലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.