വെട്രിമാരൻ-ചിമ്പു ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും; ആരാധകരെ ആവേശത്തിലാഴ്ത്തി 'അരസൻ' സിനിമയുടെ പുത്തൻ അപ്‌ഡേറ്റ്

Update: 2025-11-25 13:29 GMT

ചെന്നൈ: ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ ഒരുക്കുന്ന പുതിയ ചിത്രം അരസന്റെ ഏറ്റവും പുതിയ റിപ്പോർട്ട ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ചിലമ്പരസൻ ടി.ആർ. (എസ്.ടി.ആർ) നായകനാകുന്ന ആക്ഷൻ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ഈ പ്രോജക്റ്റിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. തമിഴ് സിനിമയിലെ രണ്ട് സൂപ്പർ താരങ്ങൾ വെട്രിമാരനൊപ്പം ഒന്നിക്കുന്നു എന്നതിലുപരി, ഈ സിനിമയുടെ പശ്ചാത്തലം ഏറെ ശ്രദ്ധേയമാണ്.

2018-ൽ ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ മെഗാ ഹിറ്റായ 'വട ചെന്നൈ'യുടെ യൂണിവേഴ്സിൽ തന്നെയാണ് 'അരസൻ' ഒരുങ്ങുന്നത്. 'വട ചെന്നൈ 2' അല്ല ഈ ചിത്രമെങ്കിലും, അതുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളോ, പ്രമേയപരമായ തുടർച്ചയോ ഈ ചിത്രത്തിൽ ഉണ്ടാകുമെന്ന് സംവിധായകൻ മുൻപ് സൂചന നൽകിയിരുന്നു. ഇത് ആരാധകരുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു.

വിടുതലൈയുടെ രണ്ട് ഭാഗങ്ങൾക്കു ശേഷം വെട്രിമാരനും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എസ്.ടി.ആർ., വെട്രിമാരൻ, അനിരുദ്ധ് രവിചന്ദർ എന്നിവർ ആദ്യമായി ഒരുമിക്കുന്ന കോമ്പോയും 'അരസന്റെ' ഹൈലൈറ്റാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി സാമന്ത എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിന് വലിയ സ്വീകാര്യതെയാണ് ലഭിച്ചത്.

ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വെണ്ടു തനിന്തതു കാട്’ (2022) എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, വെട്രിമാരൻറെ റിയലിസ്റ്റിക് ആഖ്യാന ശൈലിയിൽ എസ്.ടി.ആറിൻറെ വരവ് ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിൻറെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതേസമയം വിജയ് സേതുപതി നായകനായി എത്തിയ വിടുതലൈ പാർട്ട് 2 ആയിരുന്നു വെട്രിമാരന്റേതായി അവസാനമിറങ്ങിയ ചിത്രം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം വാടിവാസൽ പ്രീ പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Similar News